സിത്താർ പോലെ സുന്ദരം ഈ ഡൂഡിൽ

സിത്താറിന്റെ തന്ത്രികൾക്കിടയിൽ കുരുങ്ങിക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചെടിവള്ളികൾ. അതിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാൽ വായിച്ചെടുക്കാം ഗൂഗിളെന്ന്. ലോകത്തിന്റെ മുഴുവൻ അറിവുകളിലേക്കും നെറ്റ് ലോകത്തിലൂടെ സഞ്ചരിക്കുവാനൊരു പാതയൊരുക്കിയ ഗൂഗിള്‍ സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മദിനത്തിൽ ഡൂഡിൽ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യ എന്നെന്നും സ്നേഹിക്കുന്ന സംഗീതജ്ഞന്റെ തൊണ്ണൂറ്റിയാറാം ജന്മദിനമാണിന്ന്. 2012ൽ അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും ഇന്നും അനശ്വരമാണ് ആ സാന്നിധ്യം.

ലോകം മുഴുവൻ സിത്താറുമായി, ഹിന്ദുസ്ഥാനി സംഗീതവുമായി സഞ്ചരിക്കുകയായിരുന്നു പണ്ഡിറ്റ് രവിശങ്കർ. ലോകമൊട്ടുക്ക് ശിഷ്യരുമുണ്ട്. അത്രയേറെ ഇടങ്ങളിൽ തനിക്കിഷ്ടമുള്ള സംഗീത ശാഖയുമായി അദ്ദേഹം കടന്നുചെന്നിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത വേദികളെ സംഗീതംകൊണ്ട് സമന്വയിപ്പിച്ചിട്ടുമുണ്ട്.

1920 ഏപ്രിൽ ഏഴിന് പശ്ചിമ ബംഗാളിലാണ് രബീന്ദ്ര ശങ്കർ ചൗധരിയെന്ന പണ്ഡിറ്റ് രവിശങ്കറിന്റെ ജനനം. 1930കളിലാണ് അദ്ദേഹം തന്റെ സംഗീത യാത്ര തുടങ്ങുന്നത്. സഹോദരൻ ഉദയശങ്കറിനൊപ്പം ഇന്ത്യയിലും യൂറോപ്പിലുമായി ദേശാടനക്കിളികളെ പോലെ സിത്താറും കയ്യിലേന്തിയൊരു പ്രയാണമായിരുന്നു. എന്നുമെന്നും ഇന്ത്യയുടെ പ്രൗഡി ഉയർത്തിപ്പിടിച്ചുകൊണ്ട്. 1999ൽ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.