രസകരം ഗൂഗിളിന്റെ ഈ സമ്മാനം

ലോക സംഗീത ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ചൊരാളുടെ ജന്മദിനത്തിൽ ഇതിലും നല്ലൊരു സമ്മാനമെന്താണ് കൊടുക്കാനുള്ളത്. തെറമിൻ എന്ന സംഗീത ഉപകരണത്തിലൂടെ ഇലക്ട്രോണിക് സംഗീതത്തിൽ ഇതിഹാസം രചിച്ച ക്ലാര റോക്മോറിന്റെ 105ാം ജന്മദിനത്തില്‍ ഗൂഗിൾ നൽകിയ ആദരവിനെ കുറിച്ചാണ് പറഞ്ഞത്. സംഗീതത്തിലൂടെ ജീവിച്ച് മറഞ്ഞയാൾക്ക് സംഗീതം കൊണ്ടൊരു ഡൂഡിൽ. ക്ലാര വായിച്ചു തരുന്ന സംഗീതം ലോകത്തെ കൊണ്ട് വായിപ്പിക്കുന്ന ഗൂഗിൾ ഡൂഡിൽ കണ്ടാണ് ഇന്ന് ലോകമുണർന്നത്. ചെറിയൊരു സംഗീത പഠനം തന്നെയാണ് ഈ ഡൂഡിൽ എന്നു പറയാം. മൂന്ന് ഘട്ടങ്ങളുള്ള പഠനം. കളിയും സംഗീതവും ചേർന്ന ഡൂഡ‍ിൽ ലോകത്തെ കയ്യിലെടുത്തു കഴിഞ്ഞു.

1911 മാർച്ച് ഒൻപതിനാണ് ക്ലാര ജനിക്കുന്നത്. സംഗീതം തന്നെയായിരുന്നു ബാല്യത്തിലേ കൂട്ടും. ഹംഗേറിയൻ വയലിനിസ്റ്റായ ലിയോപോൾഡ് ഔറിനു കീഴിൽ പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ ക്ലാരയ്ക്കായില്ല. നല്ല കുഞ്ഞുനാളിലെ ആഹാരത്തിന്റെ കുറവു മൂലം ബാധിച്ച എല്ലു രോഗം ക്ലാരയുടെ പഠനം മുടക്കി. അവിടെ നിന്നാണ് തെറമിനിലേക്കുള്ള യാത്ര തുടങ്ങുന്നത്. ദി ആർട് ഓഫ് ദി തെറമിൻ എന്നൊരു മ്യൂസിക്കൽ ആല്‍ബവും ക്ലാര പുറത്തിറക്കിയിട്ടുണ്ട്.