വിഷനാക്കുമായി വീണ്ടും ശിവസേന:ഗുലാം അലി മുംബൈയിൽ പാടില്ല

ഗുലാം അലിക്കെതിരെ വീണ്ടും ശിവസേന വാളെടുത്തു. നാളെ മുംബൈയിൽ നടത്താനിരുന്ന അദ്ദേഹത്തിന്റെ ഗസൽ കച്ചേരിയും റദ്ദാക്കി. സുഹൈബ് ഇല്യാസിയുടെ ഘർ വാപസിയെന്ന ചിത്രത്തിലേക്കായിരുന്നു ഗസൽ പരിപാടി നടത്താനിരുന്നത്. ഹിന്ദി ചിത്രത്തിൽ അഭിനയിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തി‌യാക്കിയിരുന്നു ഗുലാം അലിയും സംഘവും. ചിത്രത്തിലേക്കുള്ള ഒരു ദേശഭക്തി ഗാനത്തിൽ ഇതിനോടകം ഗുലാം അലി പാടിക്കഴിഞ്ഞു. ഇതിന് ഈണമിട്ടതും അലി തന്നെ.

ശിവസേനയുടെ പ്രതിഷേധത്തെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. നിസഹായരാണ് ഞങ്ങൾ. പൊലീസിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതീക്ഷാപരമായ മറുപടി കിട്ടാത്തതിനാൽ പരിപാടി വേണ്ടെന്നു വയ്ക്കുകയായിരുന്നു സമാധാനപരമായ ഒരു അന്തരീക്ഷമുണ്ടെങ്കിലേ ചിത്രീകരണം മുന്നോട്ടുകൊണ്ടു പോകാനാകൂ. അതുകൊണ്ടാണ് പരിപാടി വേണ്ടെന്നു വച്ചതെന്ന് സംവിധായകൻ ഇല്യാസി പറഞ്ഞു.

മുംബൈയിൽ ഇത് രണ്ടാം പ്രാവശ്യമാണ് ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് ഗുലാം അലിയുടെ പരിപാടി റദ്ദാക്കുന്നത്. മുംബൈയിലും ഡൽഹിയിലുമായി ഒക്ടോബറിലായിരുന്നു ആദ്യം പരിപാടി നിശ്ചയിച്ചിരുന്നത്. രണ്ടിടത്തും ഗുലാം അലി പാടാതെ മടങ്ങിയത് സാംസ്കാരിക രംഗത്ത് വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു. ഇന്ത്യയിലേക്കിനി ഗസൽ പാടാൻ എത്തില്ലെന്ന് അലി പറഞ്ഞിരുന്നുവെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരന്തര അഭ്യർഥനകൾക്കൊടുവിലാണ് ഇത്തവണ അദ്ദേഹമെത്തിയത്. ആദ്യം ബംഗാളിലും പിന്നീട് കേരളത്തിലുമാണ് ഗുലാം അലിയുടെ ഗസൽ സന്ധ്യകൾ അരങ്ങേറിയത്. കേരളത്തിലും ശിവസേന പ്രതിഷേധിച്ചുവെങ്കിലും അത് വിലപ്പോയില്ല.