അടുത്തത് ഹാരി സ്റ്റൈൽസ്

ഹാരി സ്റ്റൈൽസ്

ബ്രിട്ടീഷ് ബാൻഡായ വൺ ഡയറക്ഷനിൽ നിന്ന് അടുത്തതായി പിൻമാറാൻ പോകുന്നത് ഹാരി സ്റ്റൈൽസായിരിക്കുമെന്ന് അമേക്കൻ ഗായകനും പ്രൊഡ്യൂസറുമായ ലാൻസ് ബാസ്. അമേരിക്കൻ ടെലിവിഷൻ അഭിമുഖത്തിനിടെയാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്. ഹാരി നേരത്തെ തന്നെ സോളോ കരിയറുമായി മുന്നോട്ട് പോകാൻ ആഗ്രഹമുള്ള ആളാണെന്നും മാലിക്ക് പോയതോടെ ബാൻഡിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായെന്നുമാണ് ബാസ് പറഞ്ഞിരിക്കുന്നത്.

നേരത്തെ വൺ ഡയറക്ഷൻ ബാൻഡിനെക്കുറിച്ചുള്ള ോക്യുമെന്ററിയായ വൺ ഡയറക്ഷൻ സംവിധാനം ചെയ്ത മോർഗൻ സ്പർലോക്കും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഹാരി ഉടൻ ബാൻഡ് വിടുമെന്ന് ബാൻഡിലെ എല്ലാവർക്കുമറിയാമെന്നും ഇനി അധികം നാൾ ബാൻഡിന് ഒരുമിച്ച് പോകാൻ സാധിക്കുകയില്ലെന്നും മോർഗൻ പറഞ്ഞിരുന്നു.

ബാൻഡ് അംഗം സെയ്ൻ മാലിക്ക് കഴിഞ്ഞ മാസമാണ് വൺ ഡയറക്ഷൻ വിട്ടത്. സെയ്ൻ മാലിക്കിന്റെ വിടവാങ്ങലിൽ തങ്ങൾ ഏറെ ദുഖിതരാണെന്നും എന്നാൽ തങ്ങൾ നാലുപേരുമായി മുമ്പത്തേക്കാൾ അധികം ബന്ധത്തിൽ മുന്നോട്ടുപോകുമെന്നുമാണ് മാലിക്ക് പിരിഞ്ഞതിന് ശേഷം ബാൻഡ് അംഗങ്ങൾ പറഞ്ഞിരുന്നത്. സെയ്ൻ മാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് വഴിപിരിഞ്ഞതിനെ തുടർന്ന് ബാൻഡ് പുതിയ ഗായകനെ തേടിയിരുന്നു. എന്നാൽ സെയ്ന്റെ പകരക്കാരനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് നാല് പേരും ചേർന്ന് പുതിയ ആൽബം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഹാരിയപ്പറ്റിയുള്ള ഈ വെളിപ്പെടുത്തലുകൾ.

ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കാനും തന്റെ വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാനും വേണ്ടിയാണ് താൻ ബാൻഡിൽ നിന്ന് പിൻമാറിയതെന്നാണ് വൺ ഡി വിടുമ്പോൾ സെയ്സ് പറഞ്ഞത്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന ബാൻഡാണ് വൺ ഡയറക്ഷൻ. ബീറ്റീൽസിന് ശേഷം ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച ബോയ്സ് ബാൻഡ് എന്ന് പേരെടുത്ത സംഘത്തിന് ലോകത്താകെമാനം ആരാധകരുണ്ട്. 2011ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013 ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ്, ഇപ്പോൾ പുറത്തിറക്കിയ ഫോർ എന്നീ ആൽബങ്ങൾ ബാൻഡ് പുറത്തിറക്കിയിട്ടുണ്ട്. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.