ഹലോ നമസ്തേ, മസാല കോഫി തകർത്തു!

ഉലകിൽ കാരണമില്ല..പലവിധ കലഹം പതിവല്ലേ...ഒരുപാടടുപ്പമോടിരുന്നാൽ അതുമൊരു മടുപ്പായി തീരില്ലേ....ഓട്ടൻ തുള്ളലാണോ അതോ ന്യൂജൻ തട്ടുപൊളിപ്പൻ പാട്ടാണോ എന്ന സംശയം വേണ്ട. രണ്ടിനോടും ചേർന്നു നിൽക്കുന്ന കലക്കനൊരു പാട്ടാണിത്. വിനയ് ഫോർട്ടും സഞ്ജുവും പാടിയഭിനയിക്കുന്ന പാട്ട്. പാട്ട് കേൾക്കുമ്പോൾ തോന്നും കക്ഷികൾ തന്നെയാണ് ആലാപനമെന്ന്. തെറ്റിദ്ധരിക്കരുത് മസാല കോഫിയെന്ന ബാൻഡിലെ മിടുക്കർ തയ്യാറാക്കിയ പാട്ടാണിത്. നാടൻ ചേലുള്ള ശബ്ദത്തിൽ സൂരജ് സന്തോഷും വരുൺ സുനിലും ചേർന്ന് പാടിയ പാട്ട്.ഹലോ നമസ്തേ എന്ന ചിത്രത്തിനായി ബാൻഡ് തയ്യാറാക്കിയ പാട്ട്.

ബാൻഡിന്റെ പരിപാടികളിലേതു പോലെ സൂരജ് സന്തോഷിന്റെ വക കാസൂ കൊണ്ടൊരു അലക്ക്. പിന്നെ ബാസ് ഗിത്താറും ഇലക്ട്രിക് ഗിത്താറും കീബോർഡും താളം പിടിച്ച് ഒപ്പം കളിച്ചു. ഗോകുൽ ഏക്നാഥും അജയ് ശിവരാജും ചേർന്ന് ഊഞ്ഞാലാടും ഈണത്തിൽ ബാക്കിങ് വോക്കലുമായപ്പോൾ പാട്ട് തകർത്തു.

ഹലോ നമസ്തേ എന്ന പേര് കേൾക്കുമ്പോൾ എന്തെങ്കിലുമൊരു വശപിശക് മണം വരുന്നുണ്ടോ. മിയയും ഭാവനയും വിനയ് ഫോർട്ടുമഭിനയിക്കുന്ന ചിത്രത്തിലെ പ്രൊമോ സോങ് യുവത്വം ഏറ്റുപാടുകയാണ്. ഒരൽപം പിരിപോയ പോലുള്ള പാട്ടിലെ ദൃശ്യങ്ങൾ കാണുമ്പോൾ പേര് എത്രത്തോളം യോജിക്കുന്നുവെന്ന് തോന്നും. നാട്ടുമ്പുറത്തെ വർത്തമാനങ്ങളെ കൂട്ടിച്ചേർത്തു തയ്യാറാക്കിയ തീർത്തും ലളിതമായ വരികളിലേക്ക് പുതിയ സംഗീത കൂട്ടുകൾ താളം പിടിക്കുന്ന ബാൻഡിലെ തലകള്‍ നന്നായി പ്രവർത്തിച്ചപ്പോൾ പാട്ട് കിടിലം. മസാലാ കോഫിയിലെ കക്ഷികളെല്ലാം തങ്ങളുടെ നമ്പരുകളെല്ലാം എടുത്ത പ്രയോഗിച്ച പാട്ട്.,....ഏറ്റുപാടിക്കുന്നു ഹലോ ഹലോ നമസ്തേ....