എം ജയചന്ദ്രനെ കരിപ്പൂരിൽ അപമാനിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രനെ അപമാനിച്ചെന്ന സംഭവത്തിൽ ഡൽഹിയിൽ നിന്നുള്ള ഉന്നതതല സംഘം അന്വേഷണം ആരംഭിച്ചു. മാനാഞ്ചിറയിലെ കസ്റ്റംസ് ആൻഡ് എക്സൈസ് ഓഫിസിൽ എത്തയ അന്വേഷണസംഘം എം. ജയചന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും ജയചന്ദ്രൻ മൊഴിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിച്ചു. ജയചന്ദ്രൻ എത്തിയ വിമാനത്തിനു പിന്നാലെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം സ്വദേശി ഉസ്മാൻ കോയയും ഭാര്യയും സംഭവം സംബന്ധിച്ചു നേരത്തെ പ്രതികരിച്ചിരുന്നു. അതിനാൽ ഇവരെ പ്രധാന സാക്ഷിയാക്കി അടുത്ത ദിവസം മൊഴി രേഖപ്പെടുത്തും.

കെ.സി. വേണുഗോപാൽ എംപി രേഖാമൂലം സമർപ്പിച്ച.പരാതിയിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കസ്റ്റംസ് – എക്സൈസ് ചെയർമാനോടു മന്ത്രി ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിൽ ജയചന്ദ്രനെ ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണു പരാതി.