അതെങ്ങനെ ഇങ്ങനെ ഹിറ്റായി?

ഗാനം ആലപിച്ച ഫൈസൽ റാസി, പൂമരം പാട്ടിന്റെ രംഗങ്ങളില്‍ കാളിദാസ് ജയറാം

ബിൽഡ് അപ് എന്നു പറഞ്ഞാൽ ഇതുപോലുണ്ടോ ഒരു ബിൽഡ് അപ്! കിടു പാട്ടാണ്, വൻ ഫീലാണ്, കാളിദാസൻ ഹെവി ലുക്കാണ്, കലോൽസവ നൊസ്റ്റു വാരിവിതറിയിരിക്കുകയാണ്.... വന്നുവന്ന്, പൂമരം പാട്ട് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാൽ ആകെ കുഴപ്പമാകുമോ എന്ന അവസ്ഥയിലായിരിക്കുകയാണ് ആളുകൾ. അത്രയ്ക്ക് ആരാധകരാണു നടൻ കാളിദാസനും ‘പൂമരം’ സിനിമയിലെ പാട്ടിനും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രമായ ‘പൂമര’ത്തിലെ ഫസ്റ്റ് സോങ് വിഡിയോ യൂട്യൂബ് റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ കണ്ടുതീർത്തത് 31 ലക്ഷത്തിലധികം പേർ. 

ഫെയ്സ്ബുക്കിൽ പൂമരം പുകഴ്ത്തൽ പോസ്റ്റുകളുടെ അയ്യരുകളി. വാട്സാപ്പിൽ പൂമരപ്പാട്ടിന്റെ പാര‍ഡികൾ പറന്നുകളിക്കുന്നു. ഈ ഹൈപ്പ് കണ്ട് ഇരിക്കപ്പൊറുതിയില്ലാതായവരുമുണ്ട് നാട്ടിൽ. എന്റെ പൊന്നു സഹോ, എന്നാ മാങ്ങയാ ഈ പൂമരപ്പാട്ടിലുള്ളത്? ഒരു വിമർശകന്റെ ചോദ്യമാണ്. പൂമരംകൊണ്ടു കപ്പലുണ്ടാക്കിയാൽ അതിനകത്തുള്ളവരുടെ ഇടപാടു തീരില്ലേ? പങ്കായമുള്ള കപ്പലിന്റെയൊക്കെ കട്ടയും പടവും നൂറ്റാണ്ടുകൾക്കു മുൻപേ മടങ്ങിയതല്ലേ? തുടങ്ങി സംശയങ്ങൾ തീരുന്നതേയില്ല. ചില അഡാറു സംശയങ്ങളാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ ‘അച്ചടിക്കബിളു’മല്ല. എന്നാൽ, ഷിപ് ബിൽഡിങ് ടെക്നോളജി ആൻഡ് മറൈൻ എൻജിനീയറിങ്ങുകാരുടെ സിലബസ് മനഃപാഠമാക്കിയ ശേഷം പൂമരക്കപ്പൽ പാട്ട് എഴുതാമെന്നു വച്ചാൽ ആകെ ശോകമായിരിക്കും എന്ന പരമാർഥം വിമർശകർ മനസ്സിലാക്കുന്നുണ്ടോ ? അതുമില്ല !

കപ്പലുണ്ടാക്കിയ ആളുകളുടെ എണ്ണത്തെക്കുറിച്ചും പൊരിഞ്ഞ വാഗ്വാദമാണു നാട്ടിൽ. കപ്പലുണ്ടാക്കിയത് 42 പേരാണോ അതോ ഒരാൾ എക്സ്ട്രാ ഉണ്ടോ? രണ്ടു പ്രാവശ്യം ഞാൻ എന്നു പറയുമ്പോൾ ആകെ 43 പേരാകില്ലേ? അടുത്ത വരിയിൽ പറയുന്നു, 40 പേരും ശിഷ്യന്മാരും ഒന്നിച്ചുനോക്കിയെന്ന്. ങേ, അപ്പോൾ ആളുകളുടെ എണ്ണം പിന്നേം കൂടിയോ? കപ്പലുണ്ടാക്കുമ്പോഴൊന്നും സീനിലില്ലാതിരുന്ന കുപ്പായക്കാരി ഇത്രേം പേരു ടെ കണ്ണുവെട്ടിച്ച് എങ്ങനെ കപ്പലിൽ കയറി? ആകെ കൺഫ്യൂഷനായല്ലോ! അവസാനം, പണ്ടു മാന്നാർ മത്തായിയും ഉൽസവക്കമ്മിറ്റിക്കാരനും തമ്മിലുണ്ടായ ഫോൺ സംഭാഷണം പോലെ ‘ആ പുറപ്പെട് !’ എന്നു പറഞ്ഞു തർക്കം അവസാനിപ്പിക്കുകയാണ് ആരാധകർ.