ടെക്കി വിത്ത് ക്രിയേറ്റിവിറ്റി

ഐ വീ വൈ എന്ന മ്യൂസിക് വിഡിയോയിൽ നിന്നും ഒരു രംഗം

ടെക്കി വിത്ത് ക്രിയേറ്റിവിറ്റി. ഒരുപാടുപേരുണ്ട് നമുക്കിടയിലങ്ങനെ. ഐടി ലോകത്തെ തിരക്കിട്ട ഷെഡ്യൂളകൾക്കിടയിലും താളത്തേയും ചിലങ്കക്കിലുക്കത്തേയും പ്രണയിക്കുന്നവർ. ഇവരും അതുപോലെയാണെന്ന് പറഞ്ഞാൽ മതിയാകില്ല. കാരണം ഇഷ്ടങ്ങളെ വിടാതെ ചേർത്തുനിർത്തുക മാത്രമല്ലിവർ ചെയ്യുന്നത്. അതിൽ വ്യത്യസ്തകൾ കൊണ്ടുവരണമെന്ന നിർബന്ധവുമുണ്ട്. ഒരു പൊളിച്ചെഴുത്ത് നടത്തണമെന്ന ആഗ്രഹം. ആ ചിന്തകളാണ് ഐ വീ വൈ എന്ന മ്യൂസിക് വിഡിയോയിലേക്കെത്തിച്ചത്. ഇന്ത്യ കണ്ട മികച്ച ഛായാഗ്രഹകരിലൊരാളായ മുരളീധരൻ സികെ വരെ കോട്ടയംകാർ ചെയ്ത ഇൗ വർക്കിന് അഭിനനന്ദനമറിയിച്ചതും അതുകൊണ്ടു തന്നെ.

ഐ വീ വൈ അഥവാ ഞാൻ നമ്മൾ എന്തിന്...ഫിലോസഫിക്കൽ ചോദ്യമാണ് പ്രസാദ് കെ പീതാംബരനും ഷൈൻ തോമസും തങ്ങളുടെ മ്യൂസിക്കൽ വിഡിയോയ്ക്ക് നൽകിയ പേര്, കോട്ടയം കെ മംഗളം കോളെജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാർഥികളായിരിക്കേ തന്നെ ഇരുവരുടെയും ഇഷ്ടങ്ങളിലൊന്നായിരുന്നു ആൽബങ്ങൾ. കോളെജിന്റെ അതിരുവിട്ട് ഷെഡ്യൂൾ പണിയിലേക്ക് കടന്നപ്പോൾ ചിന്തിച്ചത് മ്യൂസിക്കൽ വിഡിയോ ചെയ്യണമെന്നു മാത്രമല്ല, മലയാളത്തിൽ നിലവിലുള്ള ആൽബം ശൈലികളെ മാറ്റിയെഴുതിക്കൊണ്ടാകണം എന്നുകൂടി ചിന്തിച്ചുകൊണ്ടായിരുന്നു. പ്രസാദ് ആണ് വിഡിയോ സംവിധാനം ചെയ്തത്. വലിയ പ്രൊമോഷനൊന്നുമില്ലാതെ യുട്യൂബിലെത്തിയ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രണയം, വിരഹം, സ്വാതന്ത്ര്യം എന്നിവയൊക്കെയാണ് വിഡിയോ പങ്കുവയ്ക്കുന്നതെന്ന് പറയാമെങ്കിലും ദൃശ്യങ്ങളും അവതരണവും തന്നെയാണ് ഹൈലൈറ്റ്. പ്രണയം ഒരു തീം ആയി എടുത്തുവെന്നേയുള്ളൂ. പുത്തൻ ആൽബം രീതിയെ മലയാളത്തിന് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഷൈൻ പറയുന്നു. സിനിമയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിവർ.

ഷൈൻ തോമസ്, പ്രസാദ് കെ. പീതാംബരൻ,അശ്വിൻ കൃഷ്ണ

ഷൈൻ തന്റെ കസിൻ വഴിയാണ് ടർക്കിഷ് സുഹൃത്തുക്കളെ പരിചയപ്പെടുന്നത്. ബിനാലെയിൽ പങ്കെടുക്കാനെത്തിയ അവർ തങ്ങളുടെ നാട്ടിലെ ആൽബം രീതികളെ കുറിച്ച് പറഞ്ഞതോടെ പിന്നെ ആവേശമായി. ആ വഴിക്ക് നീങ്ങുവാൻ തന്നെ തീരുമാനിച്ചു. ഒന്നര വർഷമെടുത്താണ് ആൽബം പൂര്‍ത്തിയാക്കിയത്. അതിൽ എട്ടു മാസത്തോളം എഡിറ്റിങിനായിട്ട്. നിരവധി ഷോർട്ട് ഫിലിമുകളെ വെട്ടിശരിയാക്കിയ എഡിറ്റർ അശ്വിൻ കൃഷ്ണയാണ് ഇതിനും പിന്നിൽ. ആൽബത്തിന് വ്യത്യസ്തത വേണമെന്ന കൂട്ടുകാരുടെ ആവശ്യത്തിന് കാമറകൊണ്ട് ഒപ്പം നിന്നു സാജൻ ആന്റണി. ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ തന്നെയാണ് ഈ ആൽബത്തിന്റെ പ്രധാന ആകർഷണവും.

കോളെജിൽ വച്ച് ഷൈനും പ്രസാദും ചെയ്ത ആൽബത്തിന് പാട്ടെഴുതി, സംഗീതമിട്ട നിഖിൽ പ്രഭയെ തന്നെ ഇതിലേക്കും ഇവർ ക്ഷണിച്ചു. ലാലിസത്തിന്റെ ഫ്രണ്ട് സിങറായ സനൂപ് കുമാറാണ് പാടിയത്. ഷൈനും മനു മാത്യുവും ചേർന്നാണ് ഇടയ്ക്കിടെ വന്നു തുറച്ചു നോക്കി പോകുന്ന നൃത്തച്ചുവടുകളൊരുക്കിയത്. ടോഗുകാൻ അചാർ, ഈക്ലീശ്ശ് ഗുനെസ്, ഹിക്മെട്ചാൻ അയ്ടോഗൻ എന്നിവരാണ് ഷൈനിനൊപ്പം അഭിനയിച്ചിരിക്കുന്നത്.ഫെബിൻ തോമസ്, ബിബിൻ കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.