വാലന്റൈൻസ് ദിനത്തിൽ ഐഐടി കുട്ടികൾ ചെയ്ത വിഡിയോ വൈറലായി

ഐഐടിയിലെ കുട്ടികൾ ചെയ്യുന്ന വിഡിയോകൾ പലതും വൈറലാകാറുണ്ട്. ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ഐഐടി റൂർക്കി ക്യാംപസിലെ ഒരു കൂട്ടം കുട്ടികൾ ചെയ്ത ഡാൻസ് വിഡിയോയും അതുപോലെ തന്നെ. രണ്ടു ദിവസം കൊണ്ട് ആറു ലക്ഷത്തിലധികംപ്രാവശ്യമാണ് ആളുകൾ ഈ പാട്ടു കണ്ടത്. എഡ് ഷീറന്റെ ഷേപ് ഓഫ് യൂ എന്ന പാട്ടിനൊപ്പമാണ് പ്രണയദിനത്തിൽ വിഡിയോ തയ്യാറാക്കി ഇവർ തകർപ്പനാക്കിയത്. ഐഐടിയിലെ ക്യാംപസുകൾ കടന്ന് യുട്യൂബ് വഴി വിഡിയോ ഇന്ത്യയുടെ ശ്രദ്ധ നേടി. 

നാല് ആൺകുട്ടികൾ. അവർക്കെല്ലാം ഇഷ്ടം ഒരു പെൺകുട്ടിയെയാണ്. അവളുമായി പ്രണയത്തിലാകാൻ നാലു പേരും കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളത്. ഐടി റൂര്‍ക്കിയിലെ ഡാൻസ് ആൻഡ് കൊറിയോഗ്രഫി സെക്ഷനാണു നൃത്തം അണിയിച്ചൊരുക്കിയത്. അങ്കുഷ് റൗട്ടിന്റേതാണു സംവിധാനം. മീറ്റ് സപാരിയയാണ് നൃത്തം ചിട്ടപ്പെടുത്തിയത്. മീറ്റ് സപാരിയയ്ക്കൊപ്പം സത്യബ്രത് പാണ്ട, സംഭവ് ജെയിന്‍, ദേവർഷ് തിവാരി, പ്രിയ അജാനിയ, അപൂർവ ജതൻ എന്നിവരാണു വിഡിയോയിലുള്ളത്. 

പഠനത്തിരക്കുകൾക്കിടയിൽ നല്ലൊരു വിഡിയോ ചെയ്തതിന് പൂർവ്വ വിദ്യാർഥികളും പ്രേക്ഷകരും വിദ്യാർഥികളെ അഭിനന്ദിച്ചു. എഡ് ഷീറന്റെ ഈ പാട്ടിന്റെ ഇതുപോലുള്ള നിരവധി വിഡിയോകൾ നേരത്തേയും ഇറങ്ങിയിട്ടുണ്ട്.