അതുക്കും മേലെയാണ് പശ്ചാത്തല സംഗീതം

മലമേലെ തിരിവച്ച് ചിരിതൂകി നിന്ന ഇടുക്കിയെ കുറിച്ചുള്ള പാട്ടായിരുന്നു മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിന്റെ കാഴ്ചകളിലേക്ക് ആദ്യം പ്രേക്ഷകന്റെ ചിന്തയെ കൊണ്ടുപോയത്. പക്ഷേ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസിൽ ബിജിബാല്‍ അതിനു നൽകിയ പശ്ചാത്തല സംഗീതവും കൂടെ പോരും. കൊട്ടകങ്ങളിൽ മുഴുങ്ങുന്നു ആ സംഗീതം. ഫ്രെയിമുകളുടെ ആത്മാവറിഞ്ഞ് അതിനെ സംഗീത ഭാഷയിലൂടെ ബിജിബാൽ ആവിഷ്കരിച്ചിരിക്കുന്നു.

ഇടുക്കിയിലെ മഞ്ഞുകണങ്ങളേയും അവ ചങ്ങാത്തം കൂടിയ ഇലത്തുമ്പുകളേയും ഇതെല്ലാം കണ്ടുണർന്ന പുലർവേളകളും ഇടുക്കിക്കാരന്റെ നേരമ്പോക്കുകളേയും തൃസന്ധ്യയും കരിങ്കാട് വെട്ടിത്തെളിച്ച് തീര്‍ത്ത ജീവിതത്തിന്റെ തുടിപ്പും മഹേഷിന്റെ കുഞ്ഞു പ്രതികാരത്തേയുമെല്ലാം സംഗീതത്തിന്റെ വഴിയിലൂടെ ബിജിബാൽ കൃത്യമായി നടത്തിച്ചു. വേണ്ടിടത്ത് മാത്രം ചേരുംപടി സംഗീതം ചേർത്ത് ഹൃദ്യമാക്കുന്നു പശ്ചാത്തല സംഗീതം.

ബിജിബാൽ

അവതരണവും കഥയുടെ യാഥാർഥ്യതലങ്ങളുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടക്കം തന്നെ ഏറെ മനോഹരം. ഇടുക്കിയുടെ ഭംഗിയേയും മഹേഷിന്റെ ജീവിതത്തേയും കുറിച്ചൊരു ആമുഖം പറയുന്ന പാട്ടോടു കൂടെയുള്ള തുടക്കം. തുടികൊട്ടും പോലുള്ള ആ ശബ്ദത്തിൽ തുടങ്ങുന്ന മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ സംഗീത യാത്ര. ജീവിതഗന്ധിയായ സംഗീത യാത്ര.

പ്രേക്ഷകനൊപ്പം സഞ്ചരിച്ചിട്ടുള്ള അല്ലെങ്കിൽ ഇനി ഒപ്പം നടക്കാനിരിക്കുന്ന സംഭവങ്ങൾ നിറഞ്ഞ ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അത്രയേറെ സ്വാഭാവികതയുണ്ട്. അഭിനയിക്കുകയാണെന്ന് തോന്നത്തത്രയും ഭംഗിയായി ഓരോ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ആ കൃത്രിമത്വമില്ലായ്മയാണ് ബിജിബാലിന്റെ പശ്ചാത്തല സംഗീതത്തിലും തെളിയുന്നത്. എടുത്ത് പറയേണ്ടത് മഹേഷിന്റെ പ്രതികാരത്തെ കുറിച്ചാണ്. തീരെ ചെറിയ ഒരു വിഷയമാണെങ്കിലും അത് മഹേഷിനെ സംബന്ധിച്ച് ഏറെ വലുതാണ്. ആ രംഗങ്ങളിലെല്ലാം ചടുലമായ ശബ്ദം. ഇടുക്കിയുടെ മലയിടുക്കുകളിൽ തട്ടി തിരിച്ചുവരുന്ന ആർപ്പുവിളി പോലുളള സംഗീതം. ഇടുക്കിയുടെ ആവേശം തുടിക്കുന്ന നാദം.

ചലച്ചിത്രത്തിലെ തെളിവെയിലഴകുമെന്ന പാട്ടിനെ വയലിനില്‍ വായിച്ച് പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ആ റൊമാന്റിക് സംഗീതം വയലിനിൽ കുറേ കൂടി ഹൃദ്യമാകുന്നു. ‌തന്റെ ഫോട്ടോഗ്രഫിയുടെ പരിമിതി തിരിച്ചറിയുന്നിടത്ത്, അതായത് ചിത്രത്തിൽ മഹേഷ് പറയുന്ന പോലെ ലൈറ്റായിട്ടൊന്ന് പതറിപ്പോയപ്പോൾ അതിനെ അതിജീവിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ ഏറെ രസകരമാണ്. ആ പരിമിതിയെ അതിജീവിക്കാൻ കണ്ടെത്തുന്ന വഴിയേയും യാഥാർഥ്യമാക്കുന്ന രീതികളെയും ഷൈജു ഖാലിദ് ഏറ്റവും മനോഹരമായി കാമറയിൽ പകർത്തിയപ്പോൾ അതിനൊപ്പം വന്ന സംഗീവും ഭംഗി ഇരട്ടിയാക്കി.

പശ്ചാത്തല സംഗീതത്തിൽ ഇതാദ്യമായല്ല ബിജിബാൽ മാജിക് കാണിക്കുന്നത്. നീനാ, പത്തേമാരി, അമർ അക്ബർ അന്തോണി, റാണി പത്മിനി, സാൾട്ട് മാംഗോ ട്രീ, സു സു സുധി വാത്മീകം തുടങ്ങി അടുത്തിടെ പ്രേക്ഷക ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങളുടെ ഫ്രെയിമുകളുടെ പിന്നിലിരുന്ന് പുല്ലാങ്കുഴലിനും വയലിനുമൊപ്പം നമ്മോട് സംവദിച്ചത് ഈ സംഗീതജ്ഞനാണ്. പുതുതലമുറ സംഗീതജ്ഞരിൽ ബിജിബാലിനെ വേറിട്ട് നിർത്തുന്നതും പശ്താത്തല സംഗീതത്തിലെ വൈദഗ്ധ്യമാണ്. ബിജിബാലിന് ദേശീയ അവാർഡും ലഭിച്ചതും പശ്ചാത്തല സംഗീതത്തിനു തന്നെ. കളിയച്ഛനെന്ന ചിത്രത്തിന് 2013ൽ. 2007ൽ അറബിക്കഥ എന്ന ചിത്രത്തിന് ഈണമിട്ടുകൊണ്ടാണ് ബിജിബാൽ മലയാള സംഗീതരംഗത്തേക്കെത്തുന്നത്. മൂന്നു പ്രാവശ്യം സംസ്ഥാന അവാർഡും ബിജിബാലിനെ തേടി വന്നു.