മൺസൂൺ മാംഗോസിലെ കിടിലൻ ഐറ്റം സോങ്

കുടുകുടെ ചിരിപ്പിക്കുന്ന ദൃശ്യങ്ങളും ഈണങ്ങളുമായി ഫഹദ് ഫാസിൽ ചിത്രം മൺസൂൺ മാംഗോസിന്റെ വീഡിയോ സോങെത്തി. എബിസിഡിയിലും 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ നർമത്തിന് പുതിയ ഭാഷ്യം നൽകിയ ജേക്കബ് ഗ്രിഗറിയാണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. വരികൾ‌ക്കൊപ്പിച്ച് വ്യത്യസ്തമായ ലുക്കിൽ കൂളിങ് ഗ്ലാസും പളപളപ്പൻ കുപ്പായവുമണിഞ്ഞ് എത്തുന്ന ഗ്രിഗറി കേഴ്‌വിക്കും കാഴ്ചയ്ക്കും ആനന്ദം പകരുന്നു

കുസൃതി നിറഞ്ഞ സ്വരത്തിൽ ഈ പാട്ട് പാടിയിരിക്കുന്നത് ശ്രേയാ ഘോഷാലാണ്. ശ്രേയ ഒരു പക്ഷേ ആദ്യമായായിരിക്കും മലയാളത്തിൽ ഇത്തരത്തിൽ ഒരു ഗാനം ആലപിക്കുന്നത്്. വരികളും അങ്ങനെ തന്നെ. കണ്ണിൽ വർണം വിതറുന്ന ലൈറ്റിങിന്റെ അകമ്പടിയോടെ ചിത്രീകരിച്ച പാട്ട് തൊണ്ണൂറുകളിലെ ദൃശ്യാനുഭവവും പുതുകാലത്തിന്റെ സംഗീത രുചിയും കൂടിചേര്‍ന്നതാണ്. വ്യത്യസ്തമായ സ്വരത്തിൽ പാട്ടിനിടയിൽ പറയുന്ന വരികൾ ചിരിപ്പിക്കുന്നതു തന്നെ. മനോജ് കുറൂരിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ്‌ ആണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസിന്റെ ബാനറിൽ അന്റണി പി തെക്കേക്ക് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അബി വര്‍ഗീസാണ്. വിജയ് റാസ്, ടൊവീനോ, വിനയ് ഫോർട്ട്, ഐശ്വര്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ താരനിരയിലുള്ളത്. അക്കരകാഴ്ചകൾ എന്ന സീരിയൽ ഒരുക്കിയ ആളാണ് അബി വർഗീസ്.