ഓർമയിലലിഞ്ഞു, ആ തേനൂറും സ്വരം...

മധുരസ്വരവുമായി പാറി നടന്നു ലോകത്തിന്റെ മനം കവർന്ന ജാസ് വാനമ്പാടി ഏണസ്റ്റിൻ ആൻഡേഴ്സൻ ഇനി തേനൂറും ഓർമ. ഷോർലൈനിലെ ആശുപത്രിയിൽ ഗായികയെത്തേടി മരണമെത്തിയത് 87–ാം വയസ്സിൽ.

ജാസ്, ബ്ലൂസ് ഗായികയെന്ന നിലയിൽ ആറു പതിറ്റാണ്ടു നീണ്ട കരിയറായിരുന്നു ഏണസ്റ്റിന്റേത്. ഹൂസ്റ്റണിലെ തൊഴിലാളി കുടുംബത്തിൽ ജനിച്ച അവർ സംഗീതജീവിതത്തിനായി പതിനെട്ടാം വയസ്സിൽ വീടു വിട്ടിറങ്ങി. ഗായകൻ ജോണി ഓറ്റിസിന്റെ ബാൻഡിലായിരുന്നു തുടക്കം. സായംസന്ധ്യയിലെ തേനൂറും സ്വരമെന്നാണ് ബാല്യകാല സുഹൃത്തും പ്രൊഡ്യൂസറുമായ ക്വിൻസി ജോൺസ് ഒരിക്കൽ ഏണസ്റ്റിനെക്കുറിച്ചു പറഞ്ഞത്.

ഹോട്ട് കാർഗോ, മോനിൻ തുടങ്ങിയ ആൽബങ്ങൾ ഏറെ പ്രശംസ നേടി. 1966ൽ വിരമിച്ചതായി പ്രഖ്യാപിച്ചെങ്കിലും 1970കളിൽ തിരികെയെത്തിയ അവർ തുടർന്നുള്ള പതിനഞ്ചു വർഷത്തിനുള്ളിൽ പന്ത്രണ്ടോളം ആൽബങ്ങളിറക്കി.