കണ്ണുനിറയ്ക്കും ഈ ആലാപനം;പപ്പുവിനെ ധ്യാനിച്ച് ജിജിയുടെ പാട്ട്

ജിജിയും ജോഗിയും. ഈ രണ്ടു പേരുകളും കേട്ടുകഴിഞ്ഞാൽ പിന്നെയൊരു മൗനമാണ് നമുക്ക്. പാതിയിൽ നിലച്ചൊരു പാട്ടു പോലെ ജിജിയെ ഒറ്റയ്ക്കാക്കി ജോഗി മടങ്ങിയപ്പോഴും ആ പ്രണയം പകുത്തു നൽകിയ ഊർജത്തിലാണ് ജിജി മുന്നോട്ടു പോയത്. എഴുത്തും വർത്തമാനവും കൊണ്ട് ജോഗിയെന്ന നടനേയും മനുഷ്യനേയും പ്രേക്ഷകനിൽ നിന്ന് മറയ്ക്കാതെ നിർത്തുന്നതും ജിജിയുെട ആ ഊർജമാണ്. ജോഗിയെ കുറിച്ചെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഒരു ഗാനം ആലപിച്ചു കൊണ്ട്, ആ ജീവിതം പോലെ അവിസ്മരണീയമാക്കി ജിജി. നിനക്കുള്ള കത്തുകൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ജിജിയുടെ ഹൃദയം തൊടുന്ന ആലാപനം. 

മരണമെത്തുന്ന നേരത്ത് എന്ന പാട്ടായിരുന്നു ജിജി പാടിയത്. പാട്ടെഴുതിയ റഫീഖ് അഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു ജിജി പാടിയതും. ഈ സംഭവത്തെ കുറിച്ച് ജിജി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവച്ചു. പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിനു ക്ഷണിച്ചപ്പോൾ താൻ പാടുമെങ്കില്‍ മാത്രമേ എത്തുകയുള്ളൂവെന്ന് മ്യൂസ് മേരി പറഞ്ഞതുകൊണ്ടായിരുന്നു ഗാനം ആലപിച്ചതെന്നും ജിജി ജോഗി കുറിച്ചിട്ടുണ്ട്.

എണ്ണത്തിൽ കുറവെങ്കിലും സന്തോഷ് ജോഗി അഭിനയിച്ച സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ സ്പർശിച്ചിരുന്നു. പ്രേത്യേകിച്ച് കീർത്തിചക്ര എന്ന ചിത്രത്തിലേത്. സിനിമാ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു തുടങ്ങും മുന്‍പേ ജോഗി സ്വയം മരണത്തിനൊപ്പം പോയി. ജോഗിയുടെ മരണം നൽകിയ ഒറ്റപ്പെടലിനെ എഴുത്തിലൂടെയും കലയിലൂടെയുമാണ് ജിജി തിരികെ പിടിച്ചത്. അതിനെ കുറിച്ചൊക്കെയാണ് നിനക്കുള്ള കത്തുകൾ എന്ന പുസ്തകത്തിൽ ജിജി കുറിച്ചത്.