കബാലി ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു

കബാലിയുടെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പ് ഇനി വേണ്ട. ഓഡിയോ ലോഞ്ച് വേണ്ടെന്ന് വച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം പന്ത്രണ്ടിന് ചെന്നൈയിലായിരുന്നു ഓഡിയോ ലോഞ്ചിന് പദ്ധതിയിട്ടത്. രജനീകാന്ത് അമേരിക്കയിൽ അവധിക്കാലം ചെലവഴിക്കാൻ പോയിരിക്കുകയാണ്. ഓഡിയോ ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് എത്തിച്ചേരാനാകില്ല. ഇക്കാരണം കൊണ്ട് തീർത്തും ചെറിയൊരു ചടങ്ങിൽ പരിപാടി ഒതുക്കാനാണ് ഇവരുടെ പദ്ധതി. പാട്ടുകൾ എന്തായാലും അന്നു തന്നെ കേഴ്‌വിക്കാരിലേക്കെത്തും. 

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രം കബാലിയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. റെക്കോർഡുകൾ തീർത്ത് രണ്ട് കോടിയിലധികം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലർ കാണാൻ യൂട്യൂബിലെത്തിയത്.  കബാലിയുടെ ഓഡിയോ ലോഞ്ച് ആഘോഷമാക്കാനിരിക്കുകയായിരുന്നു പ്രേക്ഷകർ. സന്തോഷ് നാരായണനാണ് പാട്ടുകൾക്ക് സംഗീതം പകർന്നത്. പാ രഞ്ജിത് ആണ് ചിത്രത്തിന്റെ സംവിധാനം.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്.  രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. കലൈപുലി എസ് തനു ആണ് നിർമ്മാണം. ജൂലൈ ഒന്നിന് ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.