Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസർ ബോർഡിന് ക്ലൈമാക്സ് ഒഴിവാക്കണം: പ്രതിഷേധ ഗാനവുമായി സംവിധായകൻ

film-kadhakali

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ പാട്ടിറക്കി സംവിധായകന്റെ പ്രതിഷേധം. സൈജോ കണ്ണനൈയ്ക്കലും സംഘവുമാണ് രംഗത്തെത്തിയിരിക്കുന്നത്. കഥകളി കലാകാരനെ കുറിച്ചുള്ള സിനിമ 'കഥകളി'യ്ക്കു മേലെയാണ് സെൻസർ ബോർഡിന്റെ കടുത്ത വെട്ട് . അതും സിനിമയുടെ ക്ലൈമാക്സ് തന്നെ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. നഗ്നനായി അകലേക്ക് നടന്നുപോകുന്ന നായകന്‍റെ അവസാന സീനുകള്‍ പൂര്‍ണ്ണമായും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതായത് ക്ളൈമാക്സ് പൂർണമായും വേണ്ടെന്നു വയ്ക്കണം. ഒരു സിനിമയുടെ ആത്മാംശം നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ ഹൈക്കോടതിയിൽ കേസ് നടത്താനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.  അതിനിടയിൽ സിനിമയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ഇവർ പുറത്തിറക്കിയ പാട്ടും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തു. 

" കഥകളി സിനിമയുടെ നീതിക്കുവേണ്ടിയുള്ള പാട്ടാണിത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റത്തിനെതിരെയുള്ള പാട്ട്.  നായകന്‍ കഥകളി വേഷം ഉരിഞ്ഞുകൊണ്ട് തികച്ചും ആത്മീയപരമായ പശ്ചാത്തലത്തിലാണ് ചിത്രം പര്യവസാനിക്കുന്നത്. ജനനേന്ദ്രിയങ്ങളോ, സ്ത്രീകളുടെ നഗ്നതയോ കാണിക്കാതെ തന്നെയാണിത്. അനവധി പ്രതിസന്ധികള്‍ക്കു നടുവിലും വൈകല്യങ്ങളുടെ വേദനയും വെച്ച് ഈ ചിത്രത്തിന്‍റെ ജനനത്തിനായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുളള സെന്‍സര്‍ ബോര്‍ഡിന്‍റെ  കടന്നുകയറ്റത്തിന്‍റെ ഭാഗമായി  നമ്മുടെ കഥകളി എന്ന ഫീച്ചര്‍ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണെന്ന്"സംവിധായകൻ സൈജോ കണ്ണനയ്ക്കൽ യുട്യൂബിൽ പാട്ട് അപ്ല‍ോഡ് ചെയ്തു കൊണ്ടു കുറിച്ചു. 

ഫ്രാന്‍സിലെ നീസ് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍  മികച്ച സിനിമക്കും മികച്ച സിനിമാട്ടോഗ്രാഫിക്കുമായി രണ്ടു ഔദ്യോഗിക നോമിനേഷന്‍ ലഭിച്ച കഥകളി എന്ന ഫീച്ചർ സിനിമയ്ക്കാണ് ഈ ഗതികേട്. അമേരിക്കയിലെ ലോസ് അഞ്ചലോസിലെ സിനി ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജർമ്മൻ നടി ഐറീന ജേക്കബ് നായികയായും ബിനോയ് നമ്പാല നായകനായും അഭിനയിക്കുന്ന ചിത്രമാണിത്. വികലാംഗരുടെ കൂട്ടായ്മയായ ഓൾ ഈസ് വെൽ ആണ് ഇതിന്റെ നിർമ്മാണം. പാവറട്ടി ജനകീയ ചലച്ചിത്ര വേദിയാണ് ചിത്രത്തിന്റെ വിതരണം. 

Your Rating: