കഥകളിയിലെ ആദ്യ ഗാനം കേൾക്കാം...

സെൻസർ ബോർഡുമായി ഉടക്കിയ കഥകളി എന്ന സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങുന്നു. ബിജിബാൽ സംഗീതം ചെയ്തു പാടിയ പാട്ടാണിത്. ഭാരതപ്പുഴയുടെ അവസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിക്കുന്ന ഗാനമാണിത്. മനുഷ്യന്റെ ചെയ്തികൾ മൂലം മണൽക്കാടായി മാറുന്ന പുഴയുടെ നൊമ്പരമാണ് പാട്ടിന്റെ ഉള്ളടകം. നാസിൽ ആണു രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മനോരമ ഓൺലൈനിലൂടെയാണു ഗാനം പുറത്തിറങ്ങുന്നത്. 

അതിമനോഹരമായൊരു കവിതയാണീ പാട്ട്. വെറും ഒരു മണൽവഴിയായി മാറിയ നിളയുടെ ഉള്ളു പിടയുന്നത് എങ്ങനെയെന്ന് അറിയിക്കുന്ന ഗാനം. നിളയെ അങ്ങനെയാക്കി തീർത്ത സമൂഹത്തിലേക്കു വിരൽചൂണ്ടുന്ന പാട്ടിന് ബിജിബാൽ നൽകിയ ഈണം ഏതൊക്കെയോ കോണുകളിൽ ചെന്നു തറച്ചു നിൽക്കുന്നു. പാട്ടിലെ വരികൾക്ക് ശക്തമായ ഭാവഭേദങ്ങൾ നൽകിയാണ് അദ്ദേഹം പാടിയിരിക്കുന്നത്. ഓസ്കർ സൈജോ കണ്ണനായിക്കലാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

നാസിൻ എഴുതിയ കവിത സംഗീതം കൊണ്ട് ബിജിബാൽ കാതിനിമ്പമാക്കുകയായിരുന്നു. കവിതയുടെ ഉള്ള് ആരിലേക്കും സംവദിക്കാൻ ശക്തിയുള്ള ഈണം. വരികളുടെ അർഥതലങ്ങളറിഞ്ഞ് ബിജിബാൽ പാടുമ്പോൾ ഉള്ളിലെന്തോ നോവു തോന്നും. പിന്നെയൊരു ഊർജ്ജവും. പൈതൃകത്തിന്റെ നന്മയും യാഥാർഥ്യത്തിന്റെ ചൂടും ചൂരുമുളള വരികൾ. സിനിമകളിലൂടെ കേൾക്കുന്ന കവിത തുളുമ്പുന്ന മറ്റൊരു ഗാനമാകും കഥകളിയിലെ ഈ പാട്ട്.  

ഭാരതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന, സമൂഹമായി ബന്ധമില്ലാതെ താമസിക്കുന്ന കുറേ ആളുകളെ കുറിച്ചാണ് കഥകളി എന്ന സിനിമ ചർച്ച ചെയ്യുന്നത്. കഥകളി വേഷം അഴിച്ചു വച്ച് പൂർണ നഗ്നനായി പുഴയിലേക്കു നടന്നുനീങ്ങുന്ന നായകനിലൂടെയാണ് സിനിമ അവസാനിക്കുന്നത്. ഈ ഭാഗമാണ് സെൻസർ ബോർ‍ഡിന്റെ കടുത്ത വിമർശനത്തിനു വിധേയമായത്. സിനിമയ്ക്ക് ആദ്യം പ്രദർശനാനുമതി നിഷേധിച്ചെങ്കിലും പിന്നണി പ്രവര്‍ത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ജര്‍മ്മന്‍കാരി ഐറിന ജേക്കബിയും ബിനോയ് നമ്പാലയുമാണ് മുഖ്യവേഷത്തിലെത്തുന്നത്. വികലാംഗരുടെ കൂട്ടായ്മയായ ‘ഓള്‍ ഈസ് വെല്ലും’ പാവറട്ടി ജനകീയ ചലച്ചിത്രവേദിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്.