കാളിദാസിന്റെ പാട്ട് വൈറൽ; ആഘോഷിച്ച് ട്രോളൻമാരും

വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിലെത്തുമ്പോൾ ‌കഥപറയും കണ്ണുകളും മനോഹരമായ പുഞ്ചിരിയുമുള്ള പ്രണയ നായകൻ ലുക്കാണു കാളിദാസ് ജയറാമിന്. ബാലതാരമായി എത്തി പ്രതിഭയുടെ മാറ്ററിയിച്ചു പോയ ശേഷമുള്ള  മടങ്ങി വരവ് ഒരു പൂക്കാലം പോലെ സുന്ദരവുമായി. ആദ്യമായി അഭിനയിച്ച മലയാളം ചിത്രത്തിലെ ഗാനം പൂവിൻ സുഗന്ധം പോലെ മനസുകളിലൂടെ ഒഴുകുന്നു. 

പൂമരം എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പാടി അഭിനയിച്ച ഗാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുട്യൂബിലെത്തിയത്. നാലു ദിവസം കൊണ്ട് 20 ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ വീക്ഷിച്ചത്. അടുത്ത കാലത്തൊന്നും ഇത്രയേറെ പ്രേക്ഷക പിന്തുണ യുട്യൂബിൽ മറ്റൊരു മലയാളം ഗാനത്തിനും ഇത്രവേഗം ലഭിച്ചിട്ടില്ല. ഏറ്റുപാടാൻ തോന്നിപ്പിക്കുന്ന മനസിനുള്ളിലേക്കു ചേക്കേറുന്ന വരികളും പാട്ടും ദൃശ്യങ്ങളും. ഒരു നല്ല ഗാനം മാത്രമല്ല, ഒരു നല്ല സംഗീത സംവിധായകനേയും ഗായകനേയും കൂടിയാണ് ചിത്രത്തിലൂടെ ലഭിച്ചത്. ഫൈസൽ റാസിയാണ് ഈ പാട്ട് ഈണമിട്ടു പാടിയത്. മഹാരാജാസ് കോളെജിൽ നടക്കുന്ന കഥ പറയുന്ന ചിത്രത്തിലെ പാട്ട് പാടിയതും മഹാരാജാസിലെ പൂർവ്വ വിദ്യാർഥി തന്നെ.

വലിയ പാരമ്പര്യമുള്ള ഒരുപാട് തലമുറകളുടെ പ്രണയമേറ്റുവാങ്ങി നിലകൊള്ളുന്ന കലാലയമാണ് മഹാരാജാസ്. അതുകൊണ്ടു തന്നെ അതിന്റെ മുറ്റത്തു നിന്നെത്തുന്ന പാട്ടും ക്യാംപസുകളെ പ്രണയിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ടതുമാകുമല്ലോ. പ്രേക്ഷകർക്കു മാത്രമല്ല ട്രോളൻമാര്‍ക്കും പാട്ടിനെ പെരുത്തിഷ്ടമായി. രാവിലെ മുതൽ പാട്ടിനെ വച്ച് അവർ പണി തുടങ്ങുകയും ചെയ്തു.

ഞാനും ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ടു കപ്പലുണ്ടാക്കി എന്നാണു പാട്ടിന്റെ വരികൾ. ഈ വാക്കുകളെ തന്നെയാണ് ട്രോളൻമാർ ആയുധമാക്കിയിരിക്കുന്നതും. എന്തായാലും പാട്ടും ട്രോളുകളും വൈറൽ ഹിറ്റ് ആയിരിക്കുകയാണ്.