പെരുത്തിഷ്ടമാകും ഈ പാട്ടിനേയും ലാലിനേയും

സാങ്കേതിക വിദ്യയിലും സമ്പത്തിലും ലോകം കുതിക്കുമ്പോഴും എത്ര തിരഞ്ഞാലും കിട്ടതെ അകന്നു പോകുന്ന ഒന്നിനെ കുറിച്ചു പാടുന്ന പാട്ട്. കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ അർഥതലങ്ങൾ പലതാണ്. 

ഒരു മനുഷ്യനെ തേടി പട്ടാപ്പകൽ മുഴുവൻ അലഞ്ഞു. അതും ചൂട്ടും കത്തിച്ചാണു നടന്നത്.  സൂക്ഷ്മമായ തിരച്ചിൽ നടത്തിയിട്ടും അങ്ങനെയൊരാളെ കണ്ടെത്താനായില്ല. എന്നു പറഞ്ഞുകൊണ്ടാണ് പാട്ടു  തുടങ്ങുന്നത്. പച്ചയാ‌യ മനുഷ്യർ ഈ ലോകത്ത് വിരളമാണെന്നു പറയുകയാണീ ഗാനം. നെൽസൺ ഫെർണാണ്ടസ് എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് റഫീഖ് യൂസഫാണ്. കിഷോർ അബു പാടിയിരിക്കുന്ന പാട്ടിന്റെ വെള്ളിത്തിരയിലെ ഭാവപ്പകർച്ചയിൽ അഭിനയിക്കുന്നത് ലാൽ ആണ്. ലാലിന്റെ വേഷവും ഭാവപ്രകടനവും പാട്ടിനേറെ യാഥാർഥ്യത പകരുന്നു. നെഞ്ചിലേക്കു ചേർത്തു വയ്ക്കാൻ തോന്നുന്ന വരികളും ആലാപനവും ദൃശ്യങ്ങളും. ‌

മനോരമ മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്‌. സഹീർ അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പിരിത്തുരുത്ത്. അഹമ്മദ് പാലപ്പറമ്പിലാണ് നിർമ്മാണം. ഈ സിനിമയിലെ മറ്റൊരു ഗാനവും ഇതുപോലെ മനോഹരമായിരുന്നു. ചെറുപ്പത്തിൽ നമ്മൾ രണ്ടും എന്ന ആ പാട്ട് പാടിയത് വിജയ് യേശുദാസും മധുശ്രീ നാരാ‌യണനും ചേർന്നായിരുന്നു.