കരിങ്കുന്നം പാട്ടുകളിലൂടെ സിക്സറടിച്ച് രാഹുൽ രാജ്

മമ്മൂട്ടി ചിത്രമായ വൈറ്റ്, മുദ്ദുഗൗ, ദാ ഇപ്പോൾ കരിങ്കുന്നം സിക്സസ്. ഈ പുതിയ ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഈണങ്ങൾക്കെല്ലാം പിന്നിലൊരാളാണ്. രാഹുൽ രാജ്. പോയവർഷം നമ്മളേറ്റവുമധികം ആസ്വദിച്ച ഹേമന്ദമെൻ എന്ന ഗാനം പോലെ തന്നെ ഈ വർഷം രാഹുൽ രാജ് സമ്മാനിച്ച പാട്ടുകളും മികവുറ്റതാണ്.  വിനായക് ശശികുമാർ എഴുതി രാഹുൽ രാജ് ഈണമിട്ട ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. രാഹുൽ രാജിൽ നിന്നു കേട്ട ഏറ്റവും വ്യത്യസ്തമായ ഈണങ്ങളാണിവയെല്ലാം എന്നതിലും തർക്കമില്ല. 

ഉലകത്തിൻ....

ജയിൽ ജീവിതത്തിലെ നല്ല വശങ്ങളും നൊമ്പരങ്ങളും ദൃശ്യങ്ങളായപ്പോൾ അതിനെ കുറിച്ചു പാടിയ വരികളും ഈണവും അതുപോലെ മനസുതൊട്ടു. ലളിതവും എന്നാൽ ചടുലവുമായ പാട്ടു കേട്ടിരിക്കുന്നവര്‍‌ക്കൊരു ഉണർവു സമ്മാനിക്കും. പുഞ്ചിരിക്കുന്ന ഈണങ്ങളിൽ സ്വരമായത് രാഹുൽ രാജും അരുൺ ആലാട്ടുമാണ്. ഇരുവരുടെയും സ്വരങ്ങളൊന്നു ചേർന്നന്നതും നാദസ്വരത്തിന്റെ സാന്നിധ്യവുമാണ് പാട്ടിന്റെ പ്രത്യേകത. ജോജു സെബാസ്റ്റ്യന്റെ ബാക്കിങ് വോക്കലും ന..ന..ന..ത..ന..ന എന്ന ഹമ്മിങും പാട്ടിനു ഭംഗി നൽകുന്നു . 

മേടപൂമ്പട്ടും ചുറ്റി

എന്തെങ്കിലും പ്രത്യേകമായൊരു കാര്യം ഈ പാട്ടിന്റെ സൃഷ്ടിയിൽ ഉപയോഗിച്ചിട്ടില്ല. വശ്യമായി മൂളുന്ന ഗിത്താറും പതിയെ പതിയെ പാടുന്ന വയലിനും ഹൃദ്യമായ പുല്ലാങ്കുഴലിന്റെ സ്വരവും ചേർന്ന പാട്ടൊരു പ്രണയഗീതമാണ്. നജീമിന്റെ ഭാവാർദ്രമായ ആലാപനം കൂടിയാകുമ്പോൾ കേൾവി സുഖം ഏറെ. കണ്ണുകളടച്ചു കേട്ടിരിക്കുമ്പോളറിയാം ഈ പാട്ടെത്ര മനോഹരമായ അന്തരീക്ഷമാണ് നമ്മിൽ സൃഷ്ടിക്കുന്നതെന്ന്. സാധാരണമായൊരു പാട്ടിലെ അസാധാരണത്വം അപ്പോളറിയാം. ആകെ മൂന്നു പാട്ടുകളുള്ളതിൽ രാഹുൽ രാജ് ഏറ്റവും ലളിതമായി ഈണമൊരുക്കിയത് ഈ പാട്ടിനാണ്.

ധദ്ക്നേ ദേ

ചില പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ പറയാറില്ലേ എന്തൊരു ഉഷാറാണ് എന്ന്. അതുപോലൊരു പാട്ടാണിത്. ത്രസിപ്പിക്കുന്ന ഗീതം. കായിക ജീവിതത്തിനു പ്രാധാന്യമുള്ളൊരു ചിത്രത്തിൽ ഇത്തരത്തിലൊരു ഗാനമില്ലെങ്കിൽ പിന്നെന്താണ്?  വാദ്യോപകരണങ്ങളും ഉറക്കെ കൊട്ടിപ്പാടുമ്പോൾ  ഹിന്ദിയും കൂടി ചേർന്ന വരികളെല്ലാം വേഗത്തിൽ പാടിയകലുമ്പോൾ അത് കേൾവിക്കാരനിൽ നിറയ്ക്കുന്ന ഊർജ്ജവും ചെറുതല്ല. രാഹുൽ രാജും നജീം അർഷദും ചേർന്നാണ് ആലാപനം.

മഞ്ജു വാര്യർ വോളിബോൾ പരിശീലകയുടെ വേഷമണിയുന്ന ചിത്രമാണിത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളും ഒന്നിനോടൊന്നു മികച്ചതാണ് എന്നുതന്നെ പറയണം. പ്രത്യേകിച്ച് ഉലകത്തിൻ എന്നു തുടങ്ങുന്ന പാട്ട്. പാട്ട് വ്യത്യസ്തമാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം മിതമായിരുന്നുവെന്നതിനാൽ അതു വീണ്ടും വീണ്ടും പ്രേക്ഷകന്റെ കേൾവിയെ തേടിയെത്തുന്നു.