ഷാർജയിൽ പാട്ടുപാടി ചരിത്രമെഴുതി മലയാളത്തിന്റെ മീനാക്ഷി

ചരിത്രത്തിലാദ്യമായി അറബിക് സംഗീത റിയാലിറ്റി ഷോയിൽ മലയാളി സ്കൂൾ വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം. അറബിക് മാതൃഭാഷയായുള്ള ഏഴ് കുട്ടികളെ പിന്നിലാക്കിയാണ് ഷാർജ ജെംസ് മില്ലെനിയം സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി മീനാക്ഷി ജയകുമാർ ഷാർജ ടിവിയുടെ മുൻഷിദ് ഷാർജ എന്ന റിയാലിറ്റി ഷോയിൽ വിജയിച്ച് ഗായികാപ്പട്ടം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായത്. ഇന്നലെ(വ്യാഴം) രാത്രി ഷാർജ യൂണിവേഴ്സിറ്റി ഹാളിൽ നടന്ന വർണാഭമായ പരിപാടിയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മീനാക്ഷിക്ക് ട്രോഫിയും പൊന്നാടയും സമ്മാനിച്ചു. ക്യാഷ് അവാർഡ് പിന്നീട് സമ്മാനിക്കും.

'മുൻഷിദ് ഷാർജ'(ഷാർജയിലെ ഗായകൻ) എന്ന പേരിൽ ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ റിയാലിറ്റി ഷോയിൽ ആദ്യ റൗണ്ടുകളിൽ 400 പേരാണ് പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിലേക്ക് മീനാക്ഷിയടക്കം എട്ട് കൊച്ചുഗായകർ തിരഞ്ഞെടുക്കപ്പെട്ടു. ആലാപന മികവ് കൂടാതെ, പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലുമാണ് ജേതാവിനെ തിരഞ്ഞെടുത്തത്. മീനാക്ഷി ഫൈനലിലേയ് തിരഞ്ഞെടുക്കപ്പെട്ട വാർത്ത മനോരമഒാൺലൈനിൽ പ്രസിദ്ധീകരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരണക്കണക്കിന് വോട്ട് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്ത ഷെയർ ചെയ്യുകയുമുണ്ടായി.

യുവ ഇംഗ്ലീഷ് ഗായകൻ ഹാരിസ് ജെയുടെ റസൂലല്ലാഹ്, മാസിഡോണിയൻ ഗായകൻ മെസൂത് കുർതിസിന്റെ മൗലായ സല്ലി, സ്വീഡിഷ് ഗായകൻ മഹിർ സെയിനിന്റെ ഫോർഗീവ് മി എന്നീ ഗാനങ്ങളിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് മീനാക്ഷി ഫൈനൽ റൗണ്ടിലെ നാല് മിനിറ്റ് ഗാനം ആലപിച്ചത്. ശബ്ദസൗകുമാര്യം കൊണ്ടും അക്ഷരസ്ഫുടത കൊണ്ടും അക്ഷരസ്ഫുടത കൊണ്ടും ആലാപന മികവുകൊണ്ടും ഷോയിലെ വിധികർത്താക്കളായ പ്രശസ്ത അറബിക് സംഗീതജ്ഞർ അഹമ്മദ് അൽ മൻസൂരി, അബ്ദുല്ല ഷെഹി, അലി നഖ് വി എന്നിവരുടെയും സംഗീത പ്രേമികളുടെയും മനം കവർന്നു ഇൗ 13 വയസുകാരി. വളരെ മികച്ച രീതിയിൽ പാടിയ മീനാക്ഷിയെ ഷെയ്ഖ് ഡോ.സുൽത്താൻ പ്രത്യേകമായി അഭിനന്ദിച്ചു.

യുഎഇയിൽ എൻജിനീയറായ, എറണാകുളം അങ്കമാലിയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി ജയകുമാറിന്റെയും ആയുർവേദ ഡോക്ടർ രേഖയുടെയും മകളാണ് മീനാക്ഷി. സഹോദരി കല്യാണി. അമ്മയിൽ നിന്നാണ് മീനാക്ഷി സംഗീതത്തിന്റെ ആദ്യപാഠം നുകർന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിലെ ദിവ്യ വിമലിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു. ക്ഷേത്രസംഗീതമായ അഷ്ടപദി(സോപാന സംഗീതം) ആലപിക്കുന്ന യുഎഇയിലെ അപൂർവം ഗായകരിലൊരാളും. തന്റെ വിജയത്തിനായി പ്രാർഥിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും മീനാക്ഷിയും കുടുംബവും നന്ദി പറഞ്ഞു.