സിനിമാ സംഗീതം സൗണ്ട് എൻജിനീയർമാരുടെ വേലത്തരങ്ങളായി മാറി

റഫീഖ് അഹമ്മദ്

സിനിമാ ഗാനങ്ങളും സിനിമാ സംഗീതവും തീർത്തും സാങ്കേതികമായി മാറിയ ഇക്കാലത്ത് ഇവ രണ്ടും സൗണ്ട് എൻജിനീയർമാരുടെ വേലത്തരങ്ങളായി മാറിയിരിക്കയാണെന്ന് ഗാനരചയിതാവ് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിലെ 1991 എംബിബിഎസ് ബാച്ചിലെ സുഹൃത്‌സംഘമായ ഡോക്ടേഴ്സ് മെലഡി ബൈറ്റ്സിന്റെ രണ്ടാമത്തെ ആൽബമായ ‘പ്രണയത്തിലാണ് ഞാൻ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിഭകൾ വാണിരുന്ന മലയാള സിനിമാപാട്ടിന്റെ രംഗം ഇന്നേറെ ദയനീയമായിരിക്കയാണ്. ആർക്കും ഗായകനും സംഗീത സംവിധായകനുമാകാം എന്നതാണ് ഇന്നത്തെ അവസ്ഥ. പഴയകാലത്ത് പ്രതിഭയുള്ളവർക്കു മാത്രമേ ഗായകനാകാനും സംഗീത സംവിധായകനാകാനും കഴിഞ്ഞിരുന്നുള്ളൂ. എന്നാലിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആർക്കും പാട്ടു പാടാനും സംഗീത സംവിധായകനാകാനും കഴിയും. സംഗീതമെന്നത് ഏറ്റവും മാനുഷികമായ ഒന്നാണ്.

ഇതിനെ തിരിച്ചുപിടിക്കുകയെന്നതാണ് പ്രധാനം. ഇതിനു നാം ചെയ്യേണ്ടത് സമാന്തരമായൊരു സംഗീതസംസ്കാരം വളർത്തിയെടുക്കുകയാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണൻ സിഡി ഏറ്റുവാങ്ങി. നടനും സംവിധായകനുമായ ജോയ് മാത്യു, ഗായകൻ ജി. വേണുഗോപാൽ, ഡോ. കെ.ടി. മനോജ്, ഡോ. എം.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു. നിഷാദ്, സിത്താര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഒ.പി. സുരേഷ്, ഡോ. കെ.ടി. മനോജ് എന്നിവർ രചിച്ച ഗാനങ്ങളാണ് ഈ സിഡിയിലുള്ളത്. ഈ സിഡിയിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ചെലവഴിക്കുക.