ലേസറിൽ തീർത്ത കബാലി നെരുപ്പ്‍ഡാ...

ഒരു നെരുപ്പ് തന്നെയായിരുന്നു കബാലി ചിത്രം പുറത്തിറങ്ങിയ ദിവസം. ആർപ്പുവിളിച്ചും പടക്കംപൊട്ടിച്ചും നടുറോഡിൽ തകർപ്പൻ ഡാൻസ് കളിച്ചും ഫാൻസ് കബാലിയെ നെഞ്ചേറ്റി . ബാംഗ്ലൂരിലെ കോളെജ് പിള്ളേരാകട്ടെ കബാലിയെ വരവേറ്റത് തീർത്തും വ്യത്യസ്തമായൊരു കാര്യത്തിലൂടെയായിരുന്നു. അതിനു ചുക്കാൻ പിടിച്ചത് കോളെജിലെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന വിഭാഗത്തിലെ തലവനും. നെരുപ്പ്ഡാ പാട്ടിൽ‌ തീർത്ത വിഡിയോകളിൽ നമ്മൾ തീർച്ചയായും കണ്ടിരിക്കേണ്ട വിഡിയോകളിലൊന്നാണിത്

ഇന്ത്യ ആവേശത്തോടെ കാത്തിരുന്നൊരു ചിത്രത്തിനു ആദരമർപ്പിച്ചു ചെയ്ത വിഡിയോ മാത്രമല്ലിത്. ഇദ്ദേഹം കടുത്ത രജനീകാന്ത് ആരാധകൻ കൂടിയാണ്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ രാജൻ അഥവാ ഡിജെ രാജൻ ആണിതിനു പിന്നിൽ. യൂണിവേഴ്‍സിറ്റി ഓ‍ഡിറ്റോറിയത്തിൽ നെരുപ്പ്ഡാ പാട്ടിന്റെ പശ്ചാത്തലത്തിൽ ലേസർ ഷോ ചെയ്യുകയാണുണ്ടായത്. ലേസർ തീർത്ത കബാലിയും ആ പാട്ടും ചേർന്ന ഷോ ത്രസിപ്പിക്കുന്നതാണ്. കോളെജ് വിദ്യാർഥികളിലൊരാൾ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണു വിഡിയോ ശ്രദ്ധ നേടിയത്. 

പ്രേക്ഷകർ കാത്തിരുന്ന രജനികാന്ത് ചിത്രത്തിലെ ട്രെയിലർ പുറത്തുവന്നപ്പോൾ തുടങ്ങിയ ആവേശത്തിനു ഇനിയും കെട്ടടങ്ങിയിട്ടില്ല. ലോകമൊട്ടുക്കെ അയ്യായിരത്തോളം തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിലേക്കു പ്രേക്ഷകന്റെ ശ്രദ്ധയെ ഇത്രയധികം ക്ഷണിച്ചതിൽ നെരുപ്പ്ഡാ എന്ന ഗാനത്തിനുള്ള പങ്ക് ഏറെ വലുതാണ്. സന്തോഷ് നാരായണൻ ഈണത്തിൽ പാട്ട് എഴുതി പാടിയത് അരുൺ രാജ കാമരാജാണ്. പക്ഷേ പാട്ടിലെ ഏറെ പ്രശസ്തമായ വാക്കു നെരുപ്പ്ഡാ രജനികാന്തിന്റെ സംഭാവനയാണ്.