ദുബായിയുടെ ശ്രദ്ധ നേടി മലയാളിക്കുട്ടി

കടലിനക്കരെയുള്ള നാട്ടിൽ പ്രതിഭയറിയിക്കുന്ന കുഞ്ഞുമിടുക്കികളിലൊരാളാവുകയാണ് അശ്വതി നായരും. പാട്ടുകളിലൂടെ യുഎഇയുടെ ശ്രദ്ധ നേടുകയാണ് തിരുവന്തപുരത്തുകാരിയായ ഈ ഒമ്പതുവയസുകാരി. ദുബായിലെ നിരവധി വേദികളിലും മത്സരങ്ങളിലും അശ്വതി സജീവമാണ്.  ബ്രഹ്മാനന്ദൻ പുരസ്കാരത്തോടനുബന്ധിച്ച് യുഎഇയിൽ നടന്ന സംഗീത മത്സരത്തിൽ അശ്വതി രണ്ടാം സ്ഥാനം നേടിയിരുന്നു. ഇപ്പോൾ ക്രിസ്റ്റ്യന്‌‍ നെറ്റ്‍വർക്ക് നടത്തിയ ഭക്തിഗാന മത്സരത്തിലും അവസാന പോരാട്ടത്തിലിടം നേടിയെടുത്തു. ഷാർജയിൽ സ്ഥിരതാമസമാക്കിയ പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് അശ്വതി. 

ഈശോ എന്ന ഭക്തിഗാന ആൽബമൊരുക്കിയ ജിനോ കുന്നുംപുറത്തിന്റെ പുതിയ ആൽബത്തിലും ഗാനമാലപിക്കുന്നുണ്ട്.  യുഎഇയിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ക്ലബ് ഒരുക്കുന്ന ആൽബങ്ങളിലും പാടാറുണ്ട്. പ്രായത്തിനപ്പുറം ആഴമുള്ള ശബ്ദവും ഭാവഭംഗിയും കൊണ്ടു വ്യത്യസ്തയാകുകയാണ് അശ്വതി. നിരവധി പാട്ടുകളുടെ കവർ വേർഷനുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ എന്നു നിന്റെ മൊയ്തീനെന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടു പാടിയതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.