പാട്ടുലോകത്തെ വിസ്മയം ഈ നാലുവയസുകാരി

മന്ദാരച്ചെപ്പുണ്ടോ....മാണിക്യ കല്ലുണ്ടോ കൈയിൽ വാർമതിയെ.....പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... 

മലയാളികൾക്ക് ഏറെ നൊസ്റ്റാൾജിയ സമ്മാനിച്ച്, തൈക്കുടം ബ്രിഡ്ജ് പാടി ഹിറ്റാക്കിയ ഈ റീമിക്സ് ഗാനം 4 വയസ്സുകാരി തൻവി ഹരിയുടെ ചുണ്ടിലൂടെ കേൾക്കുമ്പോൾ അതിനു മധുരം കൂടും. കേവലം 4 വയസ്സ് കഴിഞ്ഞതേയുള്ളൂ ഈ കൊച്ചു മിടുക്കിക്ക് , എന്നാൽ മലയാളം, ഹിന്ദി ,തമിഴ് തുടങ്ങിയ വിവിധ ഭാഷകളിലായി പാടുന്നതാകട്ടെ 400 ൽ പരം ഗാനങ്ങളും. സ്വതസിദ്ധമായ സംഗീത സിദ്ധികൊണ്ട് ഈ ചെറിയ പ്രായത്തിനുള്ളിൽ ബഹറിനിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു തൻവി.ഇപ്പോൾ സ്റ്റേജ് ഷോകളുമായി പറക്കുകയാണ് ഈ കുരുന്നു  ഗായിക 

രണ്ടു വർഷം മുൻപ്, തന്റെ രണ്ടാം വയസ്സിലാണ് അച്ഛൻ ഹരിക്കും അമ്മ രമ്യക്കും ഒപ്പമാണ്  തൻവി ബഹറിനിൽ എത്തുന്നത്. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഈ കൊച്ചു മിടുക്കിയെ വളരുമ്പോൾ പാട്ട് പഠിപ്പിക്കണം എന്ന് അച്ഛനുമമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വളർന്നു വലുതാകാനൊന്നും കൊച്ചു തൻവി കാത്തു നിന്നില്ല. രണ്ടാം വയസ്സിൽ തൻവിക്ക് വേണ്ടി  അമ്മ പാടിയിരുന്ന താരാട്ട് പാട്ടുകൾ എട്ടു പാടികൊണ്ട് ഈ കൊച്ചു മിടുക്കി തന്റെ സംഗീതത്തോടുള്ള ഇഷ്ടം അറിയിച്ചു.

ബഹറിനിലെ ഇന്ത്യൻ സ്കൂളിൽ മ്യൂസിക് ടീച്ചറായ അമ്മ രമ്യക്കും സംഗീതത്തെ ഏറെ സ്നേഹിക്കുന്ന അച്ഛൻ ഹരിക്കും ഇതിൽ ഒട്ടും അത്ഭുതമുണ്ടായില്ല. തുടർന്ന്, പാട്ടുകൾ പാടാനും കേൾക്കാനുമുള്ള തൻവിയുടെ ഇഷ്ടത്തെ ഇവര പ്രോത്സാഹിപ്പിച്ചു. 3 വയസ്സ് തികഞ്ഞപ്പോഴേക്കും പല്ലവിയും അനുപല്ലവിയും താളവും തെറ്റാതെ കുട്ടി പാട്ടുകൾ പാടി പൂർത്തിയാക്കിയിരുന്നു എന്ന് അമ്മ രമ്യ പറയുന്നു. 

ഇതിനിടയ്ക്കാണ്, രമ്യ ബഹറിൻ ന്യൂ ബീറ്റ്സ് വോയിസ്‌ എന്നാ പേരില് ഒരു മ്യൂസിക് ബാൻഡ് ആരംഭിക്കുന്നത്. ബഹറിനിൽ ഉടനീളം സംഗീതപരിപാടികൾ ഉള്ള ഈ ബാൻഡിന്റെ പരിശീലനം പലപ്പോഴും രമ്യയുടെ വീട്ടില് വച്ചു തന്നെയായിരുന്നു. ബാൻഡിന്റെ കൂടെ പാടാനും, മൈക്കിൽ പാടാനും കുഞ്ഞു തൻവി ഇഷ്ടം കാണിച്ചതോടെ , മകളുടെ സംഗീത പ്രേമം കുട്ടിക്കളിയല്ല എന്ന് രമ്യക്കും ഹരിക്കും മനസിലായി. എന്നാൽ, ശാസ്ത്രീയമായി സംഗീതം പഠിക്കാനുള്ള പ്രായം തൻവിക്ക് ആയിട്ടില്ല എന്നതിനാൽ സംഗീതപഠനം ആരംഭിച്ചില്ല. 

പക്ഷെ, തന്റെ നാലാം പിറന്നാളിന് ബാൻഡ് പാടിയതിനോപ്പം തൻവിയും പാടി. മന്ദാരച്ചെപ്പുണ്ടോ....മാണിക്യ കല്ലുണ്ടോ കൈയിൽ വാർമതിയെ.....തന്റെ ആദ്യത്തെ സ്റ്റേജ് ഷോ. നിറഞ്ഞ സദസ്സിന്റെ കയ്യടി പിന്നീട് ഈ കുഞ്ഞു ഗായികയ്ക്ക് ആവേശമാകുകയായിരുന്നു. അതോടെ തൻവി എന്ന ഗായികയെ സംഗീതലോകം ഏറ്റെടുത്തു. ബഹറിൻ ന്യൂ ബീറ്റ്സ് വോയിസിനോപ്പവും അല്ലാതെയും അനേകം വേദികൾ  തൻവി ഹരി പിന്നിട്ടു. ഒറ്റക്ക് 15 സ്റ്റേജ് ഷോകൾ ചെയ്തു.

ഇത്രയൊക്കെ ആയപ്പോഴേക്കും ഗുരുമുഖത്തു നിന്നും ശാസ്ത്രീയമായി തന്നെ സംഗീതം പഠിക്കാൻ തൻവി തുടങ്ങിക്കഴിഞ്ഞിരുന്നു. സംഗീതാധ്യപികയും ഗായികയുമായ അമ്മ രമ്യ തന്നെയാണ് കർണ്ണാടക സംഗീതത്തിൽ തൻവിയുടെ ഗുരു. ലോകത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ് എന്ന് ചോദിച്ചാൽ, സാമാസംവിനാ, കൊഞ്ചൽ ചേർന്നുള്ള ശബ്ദത്തിൽ ഉത്തരം വരും ...പാട്ട് പാടാൻ...ഗായകരെ കുറിച്ച് കാര്യമേ അറിവൊന്നും ഇല്ലെങ്കിലും, കേൾക്കാൻ ഏറെ ഇഷ്ടമുള്ളത് കെ എസ് ചിത്രയുടെ പാട്ടുകളാണ്. മെലഡിയോടാണ് താൽപര്യം.

 കാസർഗോഡ്‌ സ്വദേശിയായ അച്ഛൻ ഹരിയും കണ്ണൂർ സ്വദേശിനിയായ അമ്മ രമ്യയും മകളുടെ സംഗീതയാത്രയിൽ സകല പിന്തുണയുമായി കൂടെയുണ്ട്. ഇഷ്ടമുണ്ടെങ്കിൽ അവൾ പഠിക്കട്ടെ, സംഗീതത്തിൽ ഉരച്ചു വളരട്ടെ ഒരിക്കലും നിർബന്ധിച്ച് സംഗീതത്തിലേക്ക് ഇറക്കില്ലവളെ, അച്ഛൻ ഹരി പറയുന്നു. ബഹറിൻ ഇന്ത്യൻ സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥിനിയായ തൻവി സ്കൂളിലും താരമാണ്.