അമ്മയുടെ താരാട്ട് വേണ്ട അച്ഛന്റെ പിയാനോ മതി

നല്ല കിനാവുകണ്ട് കുഞ്ഞുവാവ ചാഞ്ഞുറങ്ങാൻ അമ്മ താരാട്ട് പാടാറുണ്ട്. ലോകത്തുള്ള ഏറ്റവും സുന്ദരമായ സംഗീതങ്ങളിലൊന്നും അതുതന്നെയെന്നതിൽ തർക്കമില്ല. പക്ഷേ ഇവിടെ ഒരു അച്ഛനാണ് ആ പണി ഏറ്റെടുത്തത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞു മകന് ചെവിയിൽ ചെറിയ അണുബാധ. അതുണ്ടാക്കുന്ന ബുദ്ധിമുട്ടു കാരണം കുഞ്ഞുവാവയ്ക്കുറങ്ങാനേ കഴിയുന്നില്ല. അവനെ എങ്ങനെ ഉറക്കുമെന്ന ചിന്തിച്ചു നിൽക്കാതെ മകനെ ബേബി കരിയർ ബാഗിലിരുത്തി നെഞ്ചോടു ചേർത്തുവച്ച് മൊടോള എന്ന് പേരുള്ള അച്ഛൻ പിയാനോയെ തൊടാൻ തുടങ്ങി. രാത്രിയിൽ ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങൾ കണ്ണുചിമ്മും പോലെ പിയാനോ പാടി. ആ നാദം കേട്ട് വേദന മറന്ന് കുഞ്ഞു സാമുവേൽ ഉറങ്ങാൻ തുടങ്ങി സെക്കൻഡുകൾക്കുള്ളിൽ.

ചാഞ്ഞുവീണുറങ്ങുന്ന ആ മുഖത്തിനും നക്ഷത്രത്തിന്റെ ചേലായിരുന്നു. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയും ഈ സംഗീതവും യുട്യൂബിൽ വൈറലായി കഴിഞ്ഞു. അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ താരാട്ട് കണ്ട് മതിയാകുന്നില്ല. അതുമാത്രമല്ല പിന്നീടൊരിക്കലും കുഞ്ഞു സാമുവേലിനെ അമ്മയ്ക്ക് കഷ്ടപ്പെട്ട് ഉറക്കേണ്ടി വന്നിട്ടില്ല. അച്ഛൻ പിയാനോയിൽ വിരൽ‌ തൊട്ട് നാദം കേൾപ്പിച്ചാണ് അവനെ ഉറക്കുന്നത്. ബ്രഹാംസിന്റെ ക്ലാസിക് താരാട്ടു പാട്ടിൽ തന്റേതായ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് മൊടോള പിയാനോ വായിച്ചത്.

മൊടോള തന്നെയാണ് തന്റെ യുട്യൂബ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടത്. ആ രാത്രിയിൽ ഇടയ്ക്കുണരാതെ എട്ടു മണിക്കൂറാണ് അസുഖം മറന്ന് ആ വാവ ഉറങ്ങിയത്. പിയാനോ കേട്ട് മകൻ ഇങ്ങനെ ഉറങ്ങിപോകുമെന്ന് കരുതിയേയില്ലെന്ന് മൊടോള പറയുന്നു. മകനെ ഉറക്കാൻ ആദ്യമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. സംഗതി യാഥാർഥ്യമായതിന്റെ ത്രില്ലിലാണ് ഞങ്ങളിപ്പോൾ. മൊടോള പറയുന്നു. മൊടോളയുടെയും മോളിയുടെയും മൂന്നാമത്തെ പുത്രനാണ് സാമുവേൽ. പ്രൊഫഷണൽ പിയാനോ വാദകനായ മൊടോളയുടെ മാജിക് താരാട്ടു പാട്ട് തേടി നിരവധി ആരാധകരാണെത്തുന്നത്. ‌അമ്മയുടെ കൈകളിലേൽപ്പിച്ച് സുഖമായി ഉറങ്ങാൻ പോകുന്ന അച്ഛൻമാരെയാണല്ലോ നമ്മൾ സിനിമകളിലധികവും കണ്ടിട്ടുള്ളത്. അങ്ങനെയല്ലാത്ത അച്ഛൻമാരും ഈ ലോകത്ത് ധാരാളമായുണ്ട്. മൊടോളയെ പോലെ. അച്ഛന്റെ താരാട്ട് കേട്ടുറക്കുന്ന മക്കളുമുണ്ട്. സാമുവേലിനെ പോലെ.