കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഓർമിപ്പിച്ചത് ആടുജീവിതത്തെ

കരിപ്പൂര്‍ വിമാനത്താവളത്തിൽ നടന്ന സംഭവങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓർമവന്നത് ബെന്യാമിന്റെ ആടുജീവിതമെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ബഹ്റിനിൽ നിന്നുള്ള വിമാനമായിരുന്നു അത്. വന്നിറങ്ങുന്നവരിൽ അധികവും വിദേശത്ത് പോയി കഷ്ടപ്പെടുന്ന പാവങ്ങളായിരുന്നു. ആടുമാടുകകളോടെന്ന പോലെയാണ് അവിടെ വന്നിറങ്ങുന്ന യാത്രക്കാരോട് ഉദ്യോഗസ്ഥർ പെരുമാറുന്നത്. യാതൊരു മനുഷ്യത്വവും ആ പെരുമാറ്റത്തിൽ കാണിക്കാറില്ല.എന്റെ സംഗീതത്തെ അവഹേളിച്ചുകൊണ്ട് നിങ്ങളൊരു യൂസ്‌ലെസ് അല്ലേയെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തേക്കാൾ ഏറെ വേദനിപ്പിച്ചത് അവിടെ വന്നിറങ്ങുന്ന യാത്രക്കാരോടുളള ഉദ്യോഗസ്ഥരുടെ പെരുമാറ്റമായിരുന്നു. കരിപ്പൂർ വിമാനവിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതിനെ കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ നേരമായി ക്യൂവിൽ‌ ഇത്തരത്തിലുള്ള പ്രവൃത്തികൾ കണ്ടുനിൽക്കുകയായിരുന്നു. അതുകൊണ്ടും കൂ‌ടിയാണ് പ്രതികരിച്ചത്. ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും മോശം അനുഭവമുണ്ടാകുന്നത്. അത് സ്വന്തം നാട്ടിൽ വച്ചു നടന്നു എന്നത് ഏറെ വേദനയുണ്ടാക്കുന്നു. നിയമങ്ങൾ അനുസരിക്കപ്പെടണമെന്ന് നിർബന്ധമുള്ള ഒരാളാണ് ഞാൻ. അത് ജീവിതത്തിൽ കാണിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ക്യൂ നിന്നത്. എം ജയചന്ദ്രൻ മനോരമ ഓൺലൈനോടു പറഞ്ഞു.

താൻ സെലിബ്രിറ്റിയാണെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും ആര് എപ്പോൾ പോകണം എന്നൊക്കെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് എന്നുമൊക്കെയായിരുന്നു വാദം. പിന്നെ താൻ പോയി പെട്ടിയൊടുത്തുകൊണ്ടു വാ എന്നൊരു ആജ്ഞയും. അതനുസരിച്ചപ്പോൾ എന്റെ സംഗീതത്തെ അവഹേളിക്കുന്ന വാചകങ്ങളും. അതിന് ഞാനൊന്നും പ്രതികരിച്ചില്ല. അതെന്റെ സംസ്കാരമല്ല. ഒരുതരം ഏകാധിപത്യം നിറഞ്ഞ പെരുമാറ്റമായിരുന്നു അയാളുടേത്. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്തരത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥനുള്ളത് തന്നെ അപമാനകരമല്ലേ. എം ജയചന്ദ്രൻ ചോദിക്കുന്നു.

എന്നോടുള്ള പെരുമാറ്റം കണ്ട് യാത്രക്കാരെല്ലാം ഞെട്ടി നിൽക്കുകയായിരുന്നു. ആരും ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നോടിങ്ങനെയാണെങ്കിൽ അവരെന്തായിരിക്കും നേരിടേണ്ടി വരിക എന്നായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക. ഈ ആളുകൾ മാത്രമല്ല ഈ ഉദ്യോഗസ്ഥനോടൊപ്പം നിന്ന മറ്റുദ്യോഗസ്ഥരും ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു. ഏറെ നേരം ക്യൂവിൽ നിൽക്കുകയായിരുന്നു. ക്യൂവിൽ ഏറെ പുറകെയുള്ളവരെ ഒരു ഉദ്യോഗസ്ഥന്റെ താൽപര്യ പ്രകാരം മുന്നിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് ചോദ്യം ചെയ്തത്. അസഭ്യം നിറഞ്ഞ വാക്കുകളോടെയായിരുന്നു ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റം.

തിരുവന്തപുരത്തും കൊച്ചിയിലുമുള്ള ഉദ്യോഗസ്ഥർ വളരെ മര്യാദയ്ക്കാണ് നമ്മളോടു പെരുമാറുന്നത്. കരിപ്പൂരും ആ ഒരു അവസ്ഥ വരേണ്ടതുണ്ട്. മനുഷ്യത്വപരമായി പെരുമാറാൻ ഉദ്യോഗസ്ഥർ പഠിക്കേണ്ടതുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ ഇങ്ങനെയൊരു അന്തരീക്ഷം വളർത്തിയെടുക്കാൻ എന്തെങ്കിലും കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതിന് താൻ മുന്നിലുണ്ടാകും. ഉദ്യോഗസ്ഥനെതിരെ എയർപോർട്ട് ഡയറക്ടർക്കും എയർ പോർട്ട് മാനേജർക്കും നൽകിയ പരാതിയിൽ എന്തെങ്കിലും പുരോഗതിയുണ്ടോയെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. .