പാട്ട് പൊളിച്ചു...തമിഴിൽ താരമാകാൻ മഡോണ

പ്രേമം നായിക മഡോണയുടെ ആദ്യ തമിഴ് ചിത്രം കാതലും കടന്തുപോകും റിലീസ‌ായിക്കഴിഞ്ഞു. മഡോണ അഭിനയിക്കുന്നതു കൊണ്ടു തന്നെ മലയാളികളും ചിത്രം കാണാൻ അൽപം ആവേശത്തിലാണ്. അതെന്തായാലും നമുക്ക് കൈകൊട്ടി പാടാന്‍ തമിഴിൽ നിന്ന് നല്ലൊരു ഗാനം ഈ വിജയ് സേതുപതി ചിത്രം സമ്മാനിച്ചുവെന്നു തന്നെ പറയാം. ചിത്രത്തിലെ ക ക ക പോ എന്ന എന്ന പാട്ടിന്റെ വിഡിയോ ഇന്നലെയാണ് പുറത്തിറങ്ങിയത്. പാട്ടിന്റെ ഇത്രയും നല്ലൊരു താളമിട്ടതിന് സന്തോഷ് നാരായണന് പ്രത്യേകം അഭിനന്ദിക്കണം. അദ്ദേഹം തന്നെയാണ് പാടിയത്.

പാട്ടിന്റെ രംഗങ്ങളിൽ മഡോണയും വിജയ് സേതുപതിയും രണ്ട് കോണിൽ നിൽക്കുന്ന രണ്ടു പേരെ പോലെ. പാട്ടിന് സന്തോഷ് നാരായണൻ നൽകിയ ഈണം തീർത്തും നാടൻ ചേലുള്ളതാണ്. നല്ല താളത്തിൽ ആഘോഷത്തിന്റെ നടുവിൽ നിന്ന് നൃത്തം വയ്ക്കുന്ന വിജയ് സേതുപതി രംഗം രസകരമാക്കി. മഡോണ പാട്ടുരംഗത്തിൽ ആകെ സങ്കടകരമായ അവസ്ഥയിലാണ്. നായകൻ ഒരിടത്ത് അടിച്ചു പൊളിക്കുമ്പോൾ നായിക കുറേ പേരുടെ നടുവിൽ കിടന്ന് വട്ടം ചുറ്റുകയാണ്. മോഹൻ രാജനാണ് പാട്ടിന് വരികളെഴുതിയത്. നളൻ കുമാരസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സി വി കുമാറും, കെ ഇ നാനവേൽരാജയുമാണ് ചിത്രം നിർമ്മിക്കുന്നത്.