ദിൽവാലേയിലെ ആ പാട്ടിന്റെ ദൃശ്യങ്ങള്‍ ഇങ്ങനെയാണ് പിറന്നത്

മലമടക്കിലേക്ക് പറന്നു ചെല്ലുന്ന കാമറയ്ക്ക് മുന്നിൽ നിന്ന് മഞ്ഞ സാരി പാറിപ്പറപ്പിച്ച് കജോൾ. തൊട്ടരുകിൽ ചേർത്തുപിടിച്ച് ഷറൂഖ്. വർഷങ്ങൾക്കിപ്പുറം കജോളും-ഷറൂഖും അഭിനയിക്കുന്ന ദിൽവാലേക്കായി കണ്ണിനുള്ളിൽ‌ കൗതുകം നിറച്ച് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലെത്തിയ ഒരു വീഡിയോയിലെ ദൃശ്യമിതാണ്. ഗേരുവാ എന്ന പാട്ടിന്റെ മേക്കിങ് വീഡിയോ. പാട്ടിന്റെ ദൃശ്യങ്ങൾ പോലെ ശ്രദ്ധയാകർഷിക്കുകയാണ് ഈ മേക്കിങ് വീഡിയോയും. കാരണം ഗ്രാഫിക്സിന്റെ കളിയാണ് ഗേരുവാ..എന്ന പാട്ടിലെങ്ങും എന്നു പറഞ്ഞവർക്ക് നല്ല മറുപടി നൽകിയിരിക്കുകയാണ് ഈ വിഡിയോ. നാൽപതിലും ഒളിമങ്ങാത്ത കജോൾ ഭംഗിയും ഷറൂഖിന്റെ പ്രസരിപ്പും ഒപ്പിയെടുത്ത ആ പാട്ടിലെ ഓരോ ഫ്രെയിമുകളും പിറന്നതെങ്ങനെയാണെന്ന് കജോളും ഷറൂഖും പറഞ്ഞു തരുന്നു വീഡിയോയിലൂടെ.

കറുപ്പിലും ഓറഞ്ച് നിറത്തിലുമുള്ള ഫ്രോക്ക് പാറിപ്പറക്കുന്നതും സെറ്റിലെല്ലാവരേയും അത്ഭുതപ്പെടുത്തി മൂന്നു മാരിവില്ലുകൾ ഒരുമിച്ചെത്തി കാമറക്കണ്ണുകൾക്ക് വിരുന്നൊരുക്കിയതും തകർന്നു കിടക്കുന്ന വിമാനത്തിനു മുകളിൽ കയറിയുള്ള നൃത്തവും ആർത്തുചിരിക്കുന്ന വെള്ളച്ചാട്ടവും യഥാർഥത്തിലുള്ളതായിരുന്നു. ഐസ്‌ലൻഡിലെ ഷൂട്ടിങ് സ്ഥലത്തിന് സമീപം പണ്ടൊരു വിമാനമപകടമുണ്ടായിരുന്നു. അപകടത്തിലായ വിമാനത്തെ പൈലറ്റ് ഇടിച്ചിറക്കിയ സ്ഥലമായിരുന്നു അത്. ആ വിമാനം അപ്പോഴും അവിടെയുണ്ടായിരുന്നു. പാട്ട് ചിത്രീകരണത്തിൽ പിന്നെ ഒന്നും നോക്കാതെ അതുള്‍പ്പെടുത്തി. അത് പാട്ടിലെ ദൃശ്യങ്ങളില്‍ വച്ച് ഏറ്റവും വലിയ ആകർഷകങ്ങളിലൊന്നുമായി. കജോൾ പറഞ്ഞു.

പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിക്കാൻ മറന്നുപോയ നിമിഷങ്ങളെ കുറിച്ചും കജോൾ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് മൂന്നു മഴവില്ലുകളെ ഒരുമിച്ച് കാണുന്നതെന്ന് ഷാറൂഖ് പറയുന്നുണ്ട് വീഡിയോയിൽ. കലാസംവിധായകനും സംവിധായകനും ചേർന്ന് കജോളിന്റെ മനോഹരമായ ഫ്രോക്കിന്റെ അറ്റം പറപ്പിക്കുവാൻ കഷ്ടപ്പെടുന്നതും വെള്ളച്ചാട്ടത്തിലേക്ക് വീഴാൻ പോകുന്ന ഷാരൂഖിനെ കജോൾ പിടിച്ചു നിർത്തുന്നതുംകൊടുംതണുപ്പത്ത് മലമുകളിലേക്കുള്ള യാത്രകളും മേക്കിങ് വീഡിയോയുടെ ത്രില്‍ കൂട്ടൂന്നു. തൊണ്ണൂറുകളിലെ ആ കോളെജ് കുട്ടികളെപ്പോലെ ഷറൂഖും കജോളും സെറ്റിൽ തകർക്കുന്നു.

ഐസ്‌ലൻഡിലെ കൊടുംതണുപ്പത്ത് പാട്ട് ചിത്രീകരിച്ച നിമിഷങ്ങളെല്ലാം കജോളും ഷറൂഖും ഫറാ ഖാനും സംവിധായകൻ രോഹിത് ഷെട്ടിക്കും അത്ര സുഖകരമായിരുന്നില്ല. കൊടുംതണുപ്പത്ത് തണുത്തുവിറച്ചായിരുന്നു ഓരോ രംഗങ്ങളുമെടുത്തത്. ടീമിലെ എല്ലാവർക്കും തണുപ്പിനെ കുറിച്ചുള്ളത് പരാതി മാത്രം. മേക്കിങ് വീഡിയോ തുടങ്ങുന്നത് ഷറൂഖിന്റെ പാട്ടോടുകൂടിയാണ്., സൂരജ് ഹുവാ മദ്ധം, തുഛേ ദേഖാ തോ യേ..തും പാസ് ആയേ...തുടങ്ങി കജോൾ-ഷറൂഖ് ജോഡികളെ ഏറ്റവും മനോഹരമായി ദൃശ്യവൽക്കരിച്ച പാട്ടുകൾ. പക്ഷേ ഷറൂഖ് ഈ പാട്ടുകൾ പാടിയപ്പോൾ കജോളിനിഷ്ടപ്പെട്ടില്ല. കാരണം മറ്റൊന്നുമല്ല ഇത് 2015ആണ് സമയത്തിനനുസരിച്ച് നമ്മൾ നീങ്ങേണ്ടതുണ്ടെന്ന്..ഗേരുവാ എന്ന് പാടൂ ഷറൂഖ്..കജോൾ ഓർമിപ്പിച്ചു.

അമിതാഭ് ഭട്ടാചാര്യ എഴുതി പ്രീതം ഇണമിട്ട ഗേരുവാ എന്ന പാട്ടിന് വലിയ സ്വീകാര്യത കിട്ടിയെങ്കിലും പാട്ടിന്റെ ഈണത്തേക്കാൾ വരികളേക്കാള്‍ പ്രേക്ഷകശ്രദ്ധ കിട്ടിയത് ദൃശ്യങ്ങൾക്കായിരുന്നു. ഐസ്‌ലൻഡെന്ന സ്ഥലം ഷൂട്ടിങാനായി തിരഞ്ഞെടുത്തതിൽ ചിത്രത്തിന്റെ അണിയറയിലുള്ളവർ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ദിൽവാലേയിലെ പാട്ടിലെ ദൃശ്യങ്ങൾ ഗ്രാഫിക്സ് ആണെന്ന് മുൻവിധിയെഴുതിയവർ പ്രകൃതി എത്രയോ സുന്ദരിയാണെന്നകാര്യം വിസ്മരിച്ചു പോയി എന്നു പറയേണ്ടിവരും ഈ മേക്കിങ് വീഡിയോ കണ്ടുകഴിയുമ്പോൾ. വിസ്മയങ്ങളിനിയുമെത്രയോ നമുക്ക് ചുറ്റും പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നുവെന്ന് മനസിലാക്കി തരും വീഡിയോ....