മംമ്ത വീണ്ടും പാടുന്നു

മനക്കരുത്തുകൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, മംമ്തയെന്ന നടി നമ്മെ അതിശയിപ്പിച്ചത്. നല്ലൊരു പാട്ടുകാരിയും കൂടിയാണ് മംമ്ത. വില്ല് എന്ന ചിത്രത്തിലെ ഡാഡി മമ്മി, അരികെയിലെ ഇരവിൽ വിരിയും തുടങ്ങിയ ഹിറ്റുകൾക്കു ശേഷം മംമ്ത വീണ്ടും ഗായികയാകുന്നു. ജയറാം നായകനാകുന്ന ആടു പുലിയാട്ടം എന്ന ചിത്രത്തിലാണ് മംമ്ത പാടുന്നത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണിത്. അറുന്നൂറ് വർഷം മുന്‍പ് നടന്നൊരു പ്രേതകഥ. രമ്യാ കൃഷ്ണൻ, ഓം പുരി, സുധീർ കരമന, സാജു നവോദയ, എസ് പി ശ്രീകുമാർ, രമേഷ് പിഷാരടി, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ. തെങ്കാശിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.