എൻജോയ് ചെയ്ത് മഞ്ജു പാടി; പാട്ട് കിടിലം

"ഡു ഡു ഡു എൻജോയ് വാട്ട് യു ഡൂ" ഒരായിരം കിനാവുമായി പറന്ന് വിൺതൊടൂ...നർത്തകിയായി അഭിനേത്രിയായി ഒടുവിലിതാ ഗായികയായും മഞ്ജു വാര്യർ അതിശയിപ്പിക്കുന്നു. കുസൃതി നിറഞ്ഞ ഈ പാട്ട് പാടിയത് മഞ്ജുവും സനൂപ് സന്തോഷും ചേർന്ന്. മഞ്ജു വാര്യർ പാടിയ ജോ ആൻഡ് ദി ബോയ്സിലെ പാട്ട് കാതുകൾക്കരികിലെത്തിക്കഴിഞ്ഞു. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണമിട്ടത് രാഹുൽ സുബ്രഹ്മണ്യൻ . ജോ ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന്റെ പ്രധാന ആകർഷകങ്ങളിലൊന്നും ഈ പാട്ട് തന്നെ. പതിനാലു വർഷത്തെ ഇടവേളക്കു ശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മഞ്ജു ഗാനമാലാപനത്തിലും ഇടവേള മുറിച്ചു എന്നതു മറ്റൊരു സവിശേഷതയും. മഞ്ജു ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിലായി പാടിയത്.

മഞ്ജുവിന്റേതുൾപ്പെടെ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഇതിൽ അനു എലിസബത്ത് എഴുതിയ നീയെൻ‌ കാറ്റായി എന്ന പാട്ടൊഴികെ ബാക്കിയെല്ലാം എഴുതിയിരിക്കുന്നത് സന്തോഷ് വർമയാണ്. നീയെൻ കാറ്റായി എന്ന പാട്ടെഴുതിയത്. വ്യത്യസ്തമായ ശബ്ദമുള്ള ഒരു കൂട്ടം ഗായകരെക്കൊണ്ടാണ് രാഹുൽ സുബ്രഹ്മണ്യം തന്റെ പാട്ടുകൾ പാടിച്ചത്. 'പൊൻവെയിൽ വീഴവേ' എന്ന പാട്ട് പാടിയത് ഹരിചരണാണ്. ആടിവരാം സയനോരയുടെ ശബ്ദത്തിൽ. 'പിഞ്ചോമൽ നെഞ്ചിൽ തൊടാം' പാടിയത് അരുൺ ആലാട്ട്. 'നീയെൻ കാറ്റായി' കാവ്യ അജിത്തും പാടി.

തങ്ങളുടെ കരിയറിലെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ തന്നെയാണ് മഞ്ജു വാര്യരും മാസ്റ്റർ സനൂപും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയിന്‌മെൻറിന്റെ ബാനറിൽ ആലിസ് ജോർജാണ് ചിത്രം നിർ‌മ്മിക്കുന്നത്. റോജിൻ തോമസിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, പേളി മാണി എന്നിവരും അഭിനയിക്കുന്നുണ്ട്.