മണ്ണപ്പം ചുട്ടുകളിച്ച കാലം ഓർമിപ്പിച്ച് പി. ജയചന്ദ്രൻ ഗാനം

മണ്ണപ്പം ചുട്ടും പ്ലാവിലപ്പാത്രങ്ങളിൽ കഞ്ഞി വിളമ്പിയും അണ്ണാറക്കണ്ണന് ഊഞ്ഞാലിട്ടു കൊടുത്തും കഴിഞ്ഞ ബാല്യത്തെക്കുറിച്ചാണീ ഗാനം. ബി.കെ. ഹരിനാരായണൻ എഴുതി ഭാവഗായകൻ പാടിയ പാട്ട്. കണ്ണൻചിരട്ടകളിൽ കാറ്റുവന്നൂതും പോലുള്ള, കുസൃത കലർന്ന സംഗീതം പകർന്നതു രതീഷ് വേഗയാണ്. 

മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ ഗാനമാണിത്. വരികളിലെ ഗൃഹാതുരതയും അതിന്റെ ഭംഗിയും ഭാവസാന്ദ്രമായ ആലാപനവും ഗാനത്തെ സുന്ദരമാക്കുന്നു. ചിത്രത്തിലെ ‘സ്വർഗം വിടരും’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡേവിഡ് കാച്ചപ്പിള്ളി നിർമിച്ച് വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. വൈ.വി. രാജേഷിന്റേതാണു തിരക്കഥയും സംഭാഷണവും. സംസ്കൃതി ഷേണായി, കൃഷ്ണ ശങ്കർ, ലാലു അലക്സ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.