മനസു കീഴടക്കി 'മിസ്റ്റർ എക്സ്'ന്റെ തമിഴ്പാട്ട്

തന്റെ ചിത്രത്തിന്റെ ഓരോ ഇടങ്ങളിലും വെരി വെരി സ്പെഷ്യൽ ആയി എന്തെങ്കിലുമൊന്നു കരുതിവയ്ക്കും ഗൗതം മേനോൻ എപ്പോഴും. എന്നൈ നോക്കി പായും തോട്ട എന്ന പുതിയ ചിത്രത്തിലെ മനോഹരമായൊരു ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങുമ്പോഴും സംഗീത സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് മിസ്റ്റർ എക്സ് എന്നാണ് എഴുതിയിരിക്കുന്നത്. ‌ഗാനത്തിലൂടെ തന്നെ തുടങ്ങി സസ്പെൻസ്. സംവിധായകൻ ആരാണെന്നു പറയാതെ പുറത്തുവിട്ട പാട്ടിന്റെ ഒരു മിനുട്ട് ദൈർഘ്യമുള്ള വിഡിയോ ഹൃദയങ്ങൾ കീഴടക്കി. ഇപ്പോഴിതാ സിദ് ശ്രീറാം പാടിയ പാട്ട് ഒറ്റ ദിവസം കൊണ്ട് എട്ടു ലക്ഷത്തിലധികം പ്രാവശ്യമാണു ഈ വിഡിയോ ആളുകൾ കണ്ടത്. 

മിസ്റ്റർ എക്സ് ആരാണെന്ന് കണ്ടെത്താനുള്ള തിരക്കിലാണ് ആരാധകരുടെ ലോകം എന്നു തന്നെ പറയാം. അത്രയേറെ മനോഹരമാണീ പാട്ട്. തമിഴിൽ നിന്ന് കേൾക്കാൻ കൊതിച്ച പുതുമയുള്ളൊരു മെല‍ഡി. താമരയുടേതാണു വരികൾ. '

'മിക്കപ്പോഴും ഒരു പാട്ടിനെ വിലയിരുത്തുന്നതും ഇഷ്ടപ്പെടുന്നതും ആരാണു സംഗീത സംവിധായകൻ എന്നതും കൂടി നോക്കിയാണ്. ദയവായി പാട്ടു കേൾക്കു. എന്നിട്ട് സത്യസന്ധമായി അതിനെ ഇഷ്ടപ്പെടൂ'' എന്നായിരുന്നു അദ്ദേഹം ടീസർ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. ഏ ആർ റഹ്മാനോ ഇളയരാജയോ അല്ല എന്ന് ആ ട്വീറ്റിൽ നിന്നു തന്നെ വ്യക്തമായിരുന്നതുമാണല്ലോ. അതുകൊണ്ട് കൗതുകമുണർത്തുന്നൊരു ചർച്ചയായിരുന്നു ആരാധകർക്കിടയിൽ നടന്നത്. നടന്‍ കൂടിയായ ദർബുക ശിവയാണ് ഈണമിട്ടതെന്നൊരു വാർത്ത പുറത്തുവന്നിരുന്നു. പക്ഷേ ഇപ്പോൾ പുറത്തിറങ്ങിയ വിഡിയോയ്ക്കൊപ്പം സംഗീത സംവിധായകന്റെ പേരിനു പകരം മിസ്റ്റർ എക്സ് എന്ന് എഴുതുമ്പോൾ വീണ്ടും ഊഹാപോഹമാകുകയാണ്.