മെലഡിയുമായി തമിഴിൽ ശ്രദ്ധ നേടാൻ മിധു വിൻസന്റ്

മിധു വിൻസന്റ്

വാങ്കാ വാങ്കാ എന്ന തമിഴ് ചിത്രത്തിലെ മെലഡി ഗാനമെത്തി. മലയാളത്തിൽ നിന്ന് തമിഴിലെത്തി ശബ്ദമാധുരിയറിയിച്ച ഗായിക മിധു വിൻസന്റിൻറേതാണ് ആലാപനം. ആലാപനത്തിലെ ആഴവും ശബ്ദത്തിന്റെ കേഴ്‌വി സുഖവും പാട്ടിനെ സുന്ദരമാക്കുന്നു. മരിച്ചു പോയ അച്ഛനെയോർത്ത് മകൾ പാടുന്ന പാട്ടാണിത്.  അച്ഛനൊടൊപ്പമുള്ള അവളുടെ ഓർമകളെ കുറിച്ചുള്ള തമിഴ് പാട്ട്.  

രാജേഷ് മോഹനാണ് സംഗീത സംവിധാനം. എൻ പി ഇസ്മയിലാണ് പാട്ടെഴുതിയത്. എൻ പി ഇസ്മയിലാൽ തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനവും. ഫ്രണ്ട്സ് പിക്ചേഴ്സ് ആണ് നിർമ്മാണം.  തൃശൂർ സ്വദേശിയായ മിധു കുട്ടിക്കാലം മുതൽക്കേ സംഗീത രംഗത്ത് സജീവമാണ്. ഔസേപ്പച്ചൻ ഈണമിട്ട മാജിക് ലാമ്പ് എന്ന ചിത്രത്തിലെ ഓലക്കം ഓലാക്ക് എന്ന പാട്ട് എം ജി ശ്രീകുമാറിനൊപ്പം ആലപിച്ചിട്ടുണ്ട്. വേനൽ മരം, ഭഗവതിപുരം, ബോംബെ മിഠായി എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.  ഇതുകൂടാതെ നിരവധി ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും ആലപിച്ചു. ചാനലുകളിൽ സംഗീത പരിപാടികളുമായും മിധു സജീവമായിരുന്നു.