Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്യാനം ദേയം നരസിംഹം...ഒരു ഒന്നൊന്നര എൻട്രി

narasimham

ആക്ഷൻ ത്രില്ലർ ചിത്രമാണ്. നായകൻ മലയാളത്തിലെ താരനിരയിൽ വമ്പൻമാരിലൊരാള്‍. കാത്തിരിക്കുകയാണ്...കണ്ണിനുള്ളിൽ മനസിനുള്ളിൽ ആകാംഷകൊണ്ട് തിരയിളകുകയാണ്...ആ വരവിനായി...എങ്ങനെയായിരിക്കും ആ എൻട്രി. വമ്പൻ ചിത്രങ്ങളിൽ നായകന്റെ കടന്നുവരവിനായി ആരാധകരുടെ കാത്തിരിപ്പിന് ക്ഷമ തീരേയില്ല. ഇതിനോടകം മനസിൽ സങ്കൽപിച്ച് കൂട്ടിക്കാണും ആ രംഗം. പിന്നെ കാണുമ്പോൾ വിചാരിച്ചതിലും അപ്പുറമാണെങ്കിലോ നായകന്റെ ആ വരവ് പലപ്പോഴും വമ്പന്‍ ഹിറ്റാകുകയും ചെയ്യും. ആ വരവ് മാത്രമല്ല, അതിന് കൊടുക്കുന്ന പശ്ചാത്തല സംഗീതവും പിന്നീട് നമ്മളുള്ളിടത്തോളം കാലം ഒപ്പം കൂടുകയും ചെയ്യും. അത്തരത്തിൽ നമ്മൾ പിന്നെയും പിന്നെയും ഏറ്റുപാടുന്ന ചില ട്യൂണുകളെ കുറിച്ച്.

നരസിംഹം

ധ്യാനം ദേയം നരസിംഹമെന്ന്... കേൾക്കുമ്പോൾ മൂടിപ്പുച്ച് ഉറങ്ങിക്കിടക്കുന്നവൻ പോലും നരസിംഹമായിപ്പോകും. മോഹൻലാൽ ഫാൻ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. നരസിംഹമെന്ന ചിത്രം പതിനാറ് വര്‍ഷങ്ങൾക്ക് മുൻപാണ് ഇറങ്ങിയതെന്ന് പറ‍ഞ്ഞാൽ വിശ്വസിക്കുമോ? പഴമയുടെ മൂടുപടം തൊടാത്ത കഥാപാത്രമാണ്. ഇന്ദുചൂഡന്‍. മോഹന്‍ലാൽ ചിത്രമായ നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഓരോ ഡയലോഗും ഒരു വശം ചരിഞ്ഞുള്ള നടപ്പും മീശപിരിക്കലുമെല്ലാം ഇന്നും ഓർക്കുമ്പോൾ എന്തൊരു ഊർജ്ജമാണ്. രാജാമണിയാണ് നരസിംഹത്തെ പോലുള്ള ആ വരവിന് സംഗീതം പകർന്നത്.

മൂന്നാം മുറ

അലി ഇമ്രാന്‍ ഇന്നും ചൂടും ചൂരുമുള്ള നായക കഥാപാത്രങ്ങളിലെ അമരക്കാരൻ തന്നെയെന്നതിൽ തർക്കമില്ല. ശ്യാം ഈണമിട്ട ഇതിലെ പശ്താത്തല സംഗീതം ഇന്നും സൂപ്പർ ഹിറ്റാണ്. കെ മധു സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം പ്രേക്ഷക പക്ഷം നെഞ്ചോട് ചേർത്തുവച്ചതാണ്.

കമ്മീഷണർ

മോഹൻ തോമസിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴിച്ച് കഴിച്ചിട്ട് നിൽക്കുന്ന മേലുദ്യോഗസ്ഥന്റെ മുഖത്ത് നോക്കി ഡയലോഗ് കീച്ചിയിട്ട് കമ്മീഷണർ നടക്കുന്നൊരു നടത്തമുണ്ട്. വിയർത്തു കുളിച്ച് ശൗര്യമെല്ലാം മുഖത്താവാഹിച്ച് സ്ലോ മോഷനിലുള്ള നടത്തും ഇന്നും നമ്മൾ മറന്നിട്ടില്ല. ആ രംഗത്തിന് രാജാമണി നൽകിയ സംഗീതവും. കമ്മീഷണറിലെ സുരേഷ് ഗോപി, അല്ല ഭരത്ചന്ദ്രൻ ഇന്നും താരമാണ് തര്‍ക്കമില്ല. പൊലീസായൽ ഇതുപോലാവണമെടാ...എന്ന് കാലമിപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതുപോലൊരു ബാക്ക്ഗ്രൗണ്ട് സ്കോറിനായി കാത്തിരിക്കുന്നു.

ദി കിങ്

കമ്മീഷണറാണെങ്കിൽ അത് ഭരത് ചന്ദ്രൻ കളക്ടറാണെങ്കിലോ അത് ജോസഫ് അലക്സ്. അതാണ് നമ്മൾടെ ഒരു നിലപാട്. ചലച്ചിത്രങ്ങൾ സാധാരണക്കാരുടെ ചിന്തകളിൽ പ്രതിഷ്ഠിച്ച മറ്റൊരു കഥാപാത്രമാണ് തേവള്ളിപറമ്പിൽ ജോസഫ് അലക്സ്. ദി കിങ് എന്ന ചിത്രത്തിലെ ഓരോ ഡയലോഗും ഒരു ദിവസമെങ്കിലും പറയാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഈ ചിത്രത്തിൽ ജോസഫ് അലക്സ് പറയുന്ന ടൺ കണക്കിന് ഭാരമുള്ള ഓരോ വാക്കിനും മ്യൂസിക് കൊടുക്കുക എന്നത് വെല്ലുവിളി തന്നെയാണ്.

സേതുരാമയ്യർ സിബിഐ

കൊടും കൊലപാതകങ്ങളുടെ ചുരുളഴിയിക്കാനെത്തുന്ന ഉദ്യോഗസ്ഥർ സേതുരാമയ്യരെ പോലെയാകണമെന്നാണ് നമ്മളുടെ ആഗ്രഹം. കൈ പിന്നിൽ കെട്ടി ചുവപ്പൻ കുറിയണിഞ്ഞ് പുഞ്ചിരിച്ച് വരുന്ന സേതുരാമയ്യർക്ക് നൽകിയ സംഗീതം ഇന്നും നമ്മെ ത്രസിപ്പിക്കുന്നുണ്ട്.