വൈറലായി ആനന്ദത്തിലെ ടീച്ചറുടെ പ്രണയപ്പാട്ട്

പ്രണയം ആവിഷ്കരിക്കുന്ന ചലചിത്രങ്ങളും സംഗീത ആൽബങ്ങളും എന്നെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. അതിൽ തന്നെ അതികാൽപനികതയ്ക്കപ്പുറമുള്ള പ്രണയാവിഷ്കാരങ്ങളോടാകും ഇഷ്ടം കൂടുതൽ.  നമ്മുടെ ജീവിതത്തിൽ അറിഞ്ഞതോ അനുഭവിച്ചതോ ആയ പ്രണയാനുഭവങ്ങളാണു അവയിലൂടെ എത്തുക എന്നതുകൊണ്ടു തന്നെ. ഈ പ്രണയ ദിനത്തിലും എത്തിയിട്ടുണ്ട് അങ്ങനെയൊരു സംഗീത ആൽബം. ഒരു കൂട്ടം മലയാളി യുവാക്കൾ അടങ്ങുന്ന സംഘം ചെയ്ത തമിഴ് പാട്ട് നെഞ്ചകത്തേക്കു ചേക്കേറും ആദ്യ കേൾവിയിലൂടെയും കാഴ്ചയിലൂടെയും തന്നെ. മൗനം സൊല്ലും വാർത്തൈഗൾ എന്നാണു പാട്ടിന്റെ പേര്.

ആനന്ദം എന്ന സിനിമയിൽ ടീച്ചറായി അഭിനയിച്ച വിനീത കോശിയാണു നായിക. നായകന്‌ അഭിമന്യു രാമചന്ദ്രൻ. രഞ്ജിത് ശേഖർ, സുജിത് വാര്യർ എന്നിവരും അഭിനിയിച്ചിട്ടുണ്ട്. തീർത്തും വേറിട്ട ലുക്കും സ്വഭാവ രീതികളുമുള്ള രണ്ടു പേർക്കിടയിലുള്ള പ്രണയമാണു ചിത്രീകരിച്ചിരിക്കുന്നത്. സംവിധാന രീതിയും ദൃശ്യങ്ങളും അത്രമേൽ യാഥാർഥ്യ സ്വഭാവമുള്ളതാണ്. നായകനും നായികയും വേറിട്ട ലുക്കിലുള്ളവരായിരിക്കണം എന്ന അന്വേഷണത്തിൽ നിന്നാണു വിനീതയിലേക്കും അഭിമന്യുവിലേക്കും എത്തിയത്. ഇരുവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. അലസനായ കാമുകനും അൽപം പക്വതയുള്ള കാമുകിയും ഒന്നുചേരുമ്പോഴുള്ള ഇണക്കവും പിണക്കവും വഴക്കുമെല്ലാം നാടകീയതയില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഇൻഫോസിസിൽ ഉദ്യോഗസ്ഥനാണ് അഭിമന്യു.

രാഹുൽ റിജി നായരാണു സംവിധാനം. ദൃശ്യങ്ങൾ പകർത്തിയത് ല്യൂക്കും. നിലവാരത്തിലും ആശയത്തിലും മികവു പുലർത്തിയ പുതിയ സംഗീത ആൽബങ്ങളിൽ ഒന്നാണ് മൗനം സൊല്ലും. അടുത്തിടെ കേട്ട ഏറ്റവും മനോഹരമായ പ്രണയ സംഗീത ആൽബവും ഇതുതന്നെ. ജയകുമാർ എൻൻറേതാണു വരികൾ. ഈണം സിദ്ധാർഥ പ്രതീപിന്റേതും. നിതിൻ രാജും അമൃത ജയകുമാറും ചേർന്നാണു പാട്ടു പാടിയത്. 

ഏ ആർ റഹ്മാനോട് വലിയ ആരാധനയാണ് സംവിധായകനും സംഘത്തിനും. കോളജ്-സ്കൂൾ കാലങ്ങളിൽ ആവേശം കൊള്ളിച്ച സംഗീത സംവിധായകനോടുള്ള ആരാധനയിലും ആദരവിലും നിന്നാണ് ഇവർ തമിഴ് പാട്ട് ചെയ്തതും ആ ഗാനം അദ്ദേഹത്തിനു സമർപ്പിച്ചതും. പാട്ട് മൂന്നു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ യുട്യൂബു വഴി കണ്ടത്.