ആ കരിക്കിന്‍ വെള്ളത്തിനു ‍മധുരംനുകർന്നവർ

‘അനുരാഗക്കരിക്കിൻവെള്ള’ത്തിലെ പാട്ടുമധുരം നാടാകെ നുണയുമ്പോൾ , അല്ലിയാമ്പൽക്കടവും കരിക്കിൻവെള്ളവുമൊന്നും കണികാണാൻകിട്ടാത്ത പുണെക്കാരനായ ആ ചെറുപ്പക്കാരനാണ് ഏറ്റവുമധികം ഹാപ്പിയാകുന്നത്. കുഞ്ഞനുജത്തിയുടെ കൈയും പിടിച്ച് മലയാളികളുടെ മനസ്സിൽ പാട്ടീണങ്ങളുടെ കൊതുമ്പുവെള്ളം തുഴയാൻ തുടങ്ങിയിട്ടു കുറച്ചേറെ നാളുകളായല്ലോ യുവസംഗീതസംവിധായകൻ. പ്രശാന്ത് പിള്ള. ഒപ്പം അനുജത്തി പ്രീതി പിള്ളയുമുണ്ട്. പ്രീതിയെ മനസ്സിലായില്ലേ നമ്മുടെ ‘സോളമനും ശോശന്നയും’ പാടി ഹിറ്റാക്കിയ മിടുക്കി.

ചെന്നൈയിൽ നിന്നു സൗണ്ട് എൻജിനീയറിങ് പൂർത്തിയാക്കി, പല സംഗീതപ്രേമികളെയും പോലെ പ്രശാന്ത് ചെന്നത് എ.ആർ റഹ്മാന്റെ അടുത്തേക്കാണ്. റഹ്മാന്റെ മുന്നിൽ ദക്ഷിണവച്ച് നേരെ വണ്ടിപിടിച്ച് പുണെയ്ക്ക്. പരസ്യജിംഗിളുകളാണ് ആദ്യം പയറ്റിനോക്കിയത് ‌2010ൽ പുറത്തിറങ്ങിയ നായകൻ എന്ന മലയാളചിത്രത്തിനു വേണ്ടിയാണ് പ്രശാന്ത് ആദ്യമായി ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയത്. തുടർന്ന് സിറ്റി ഓഫ് ഗോഡ്, ബോംബെ മാർച്ച് 12, നിദ്ര, നീ കൊ ഞ ച തുടങ്ങിയ മലയാള ചിത്രങ്ങളിലും ശെയ്ത്താൻ എന്ന ഹിന്ദിചിത്രത്തിലും പ്രശാന്തിന്റെ സംഗീതം വീണ്ടും കേട്ടെങ്കിലും മലയാളികൾ ഈ സംഗീതസംവിധായകനെ ഹൃദയത്തിലേക്കു മാമോദീസമുക്കി സ്വീകരിച്ചത് 2013ൽ പുറത്തിറങ്ങിയ ആമേൻ എന്ന ചിത്രത്തിലൂടെ. ആ സിനിമയിൽ പ്രീതിക്കു വേണ്ടി പ്രശാന്ത് മാറ്റിവച്ചതോ? തന്റെ ഇതുവരെയുളള സിനിമാസംഗീതജീവിതത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനം. ‘അനുരാഗക്കരിക്കിൻവെള്ള’ത്തിലും കേൾക്കാം, ചേട്ടൻസംവിധായകന്റെ സംഗീതമികവിൽ അനുജത്തിക്കുട്ടി പാടിയ ഗാനം.

പരസ്യജിംഗിളുകൾക്കുശേഷം വെബ് സോണിക്സ്, ഷോർട്ട് ഫിലിം. ഓരോന്നും ക്ലിക്കായ ആത്മവിശ്വാസത്തിൽ 2007ൽ മലയാളിയായ ബിജോയ് നമ്പ്യാരുടെ രാഹു എന്ന ഹ്രസ്വചിത്രത്തിൽ സംഗീതസംവിധാനത്തിന് തുടക്കമിട്ടു. പരീക്ഷണാത്മകതമായ സൗണ്ട് ട്രാക്കുകൾ ഒരുക്കി തന്റെ സംഗീതത്തെ മറ്റു ചിത്രങ്ങളിൽനിന്നു വേറിട്ടുകേൾപ്പിച്ചതോടെ പ്രശാന്തിനെ തേടി ചലച്ചിത്രലോകത്തുനിന്നും അവസരങ്ങൾ വരാൻ തുടങ്ങി. പുണെയിൽ സ്ഥിരതാമസമാക്കിയതുകൊണ്ടാകാം , മലയാളസിനിമാലോകത്തുനിന്നു ക്ഷണം വരുന്നത് മൂന്നുവർഷങ്ങൾക്കു ശേഷമാണ്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ കന്നിസംഗീതപ്രവേശം.

ചെന്നൈയിലെ സ്റ്റുഡിയോയിൽ എ,ആർ റഹ്മാനെക്കൊണ്ട് ‘നായക’ന്റെ ഓഡിയോ ആൽബം പ്രകാശനം ചെയ്ത് പ്രശാന്ത് കടംവീട്ടി. 2011 ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘ശെയ്ത്താൻ’ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ആരാധകരെ സ്വന്തമാക്കി. അതേ വർഷം തന്നെയാണ് മമ്മൂട്ടിക്കൊപ്പം ബോംബെ മാർച്ച് എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങളൊരുക്കുന്നതും. ലക്കി അലിയെ ആദ്യമായി മലയാളത്തിനു പരിചയപ്പെടുത്തി സംഗീതമൊരുക്കിയ ‘ആമേനി’ലൂടെ പ്രശാന്ത് വീണ്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരനായി. പിന്നീട് ‘അ‍ഞ്ച് സുന്ദരികൾ’, ‘ഏഴു സുന്ദരരാത്രികൾ’, ‘മോസയിലെ കുതിരമീനുകൾ’, ‘മണിരത്നം’, ‘ചന്ദ്രേട്ടൻ എവിടെയാ?’ ‘ഡബിൾ ബാരൽ’, ‘റോക്ക് സ്റ്റാർ’ അങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ മലയാളിത്തം തുടിക്കുന്ന ഒരുപിടി നല്ല പാട്ടുകൾ.. ഇതിനിടെ ‘വാസിർ’ എന്ന ഹിന്ദി ചിത്രത്തിലും ഒരു പാട്ടൊരുക്കാനുള്ള അവസരം പ്രശാന്തിനെ തേടിയെത്തി. മിക്ക ചിത്രങ്ങളിലും ഒരു പാട്ടെങ്കിലും അനുജത്തി പ്രീതിക്കുവേണ്ടി കരുതിവച്ചു പ്രശാന്ത്. ഒടുവിലിതാ മലയാളികൾ നെഞ്ചിലേറ്റിയ പുതിയ ചിത്രം ‘അനുരാഗക്കരിക്കിൻവെള്ള’ത്തിലും.