സംഗീത സാന്ത്വനവുമായി സാം ശിവ

എറണാകുളം ജനറലാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സംഗീത സാന്ത്വനം.  യൂറോപ്യന്‍ ആഫ്രിക്കന്‍ ഭാഷയിലുള്ള ഗാനങ്ങളാണ് ഇത്തവണ അവതരിപ്പിച്ചത്.  24 ഭാഷകളില്‍ പാട്ടു പാടുന്ന എറണാകുളം വടുതല സ്വദേശി സാംശിവയും കുടുംബവുമായിരുന്നു ഗായകർ. 

ബഹുഭാഷാ ഗാനങ്ങളാണ് സാംശിവ ബാന്‍ഡിന്റെ പ്രത്യേകത. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക്‌ഷോര്‍ ആശുപത്രി, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 128-ാമത് ലക്കമാണ് അരങ്ങേറിയത്. സാംശിവയുടെ അച്ഛന്‍ ശിവദാസന്‍, അമ്മ മായ ശിവദാസന്‍, ഭാര്യ ദീപ, മകള്‍ രണ്ടാം ക്ലാസുകാരി ലക്ഷ്മി, സഹോദരന്‍ സംജാദ് എന്നിവരാണ് പരിപാടിക്കെത്തിയത്. ഇംഗ്ലീഷ്, സ്പാനിഷ്, ജാപ്പനീസ് ആഫ്രിക്കന്‍ ഭാഷകള്‍ എന്നിവയിലുള്ള വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സാംശിവയുടെ പ്രകടനം ഏവരെയും വിസ്മയിപ്പിച്ചു. 14 ഗാനങ്ങളുള്‍പ്പെടുത്തിയ സംഗീത വിരുന്ന് ‘കടലിനക്കരെ പോണോരെ’ എന്നഗാനം കാഴ്ചക്കാരും ചേർന്നുപാടി അവസാനിപ്പിച്ചു.