ആശുപത്രിയിൽ ആശ്വാസം പകർന്ന് കുഞ്ഞു ഗായകരുടെ പാട്ട്

തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എറണാകുളം ജനറല്‍ ആശുപത്രിയിൽ അവതരിപ്പിച്ച ംസഗീത പരിപാടിയിൽ നിന്ന്

ആശുപത്രിയിൽ കുരുന്നു ഗായകരുടെ പാട്ട്. വേദനയ്ക്കും മരുന്നുകൾക്കുമിടയിൽ കഴിയുന്നവർക്കു മുന്നിൽ കുഞ്ഞി ശബ്ദങ്ങളിലെ പാട്ടും കുഞ്ഞു വിരലുകളിൽ നിന്നു വന്ന വയലിൻ നാദവും ഹൃദ്യമായി. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് ഒരു കൂട്ടം കുട്ടി ഗായകരുടെ സംഗീത വിരുന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചത്. കലയിലൂടെ സൗഖ്യം പകരുകയെന്ന ആശയത്തിന്റെ ഭാഗമായാണിത്. രോഗം നൽകുന്ന അസ്വസ്ഥതകൾക്കിടയിൽ സംഗീതം പകരുന്ന ആശ്വാസത്തിന് അതിരുകളില്ലെന്ന് തെളിയുകയായിരുന്നു സംഗീത പരിപാടിക്കിടയിലെ ഓരോ നിമിഷവും.

തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പതിമൂന്ന് വിദ്യാര്‍ത്ഥികളായിരുന്നു ഗാനങ്ങൾ ആലപിച്ചത്. അല്ലിയാമ്പൽ കടവിൽ, ഏതോ വാർമുകിലിൻ, അഴകേ നിൻ, മഴനീർത്തുള്ളികൾ,. കദളി ചെങ്കദളി, ശ്രീരാഗമോ, മോഹം കൊണ്ടു ഞാൻ, തുടങ്ങി ആദ്യം കേട്ടതിനു ശേഷം പിന്നീടൊരിക്കലും മനസിനുള്ളിൽ നിന്ന് ഇറങ്ങിപ്പോകാത്ത ഗാനങ്ങളായിരുന്നു കുട്ടികൾ പാടിയത്. നന്ദു പ്രസാദും മുഹമ്മദ് സാഹലുമായിരുന്നു കീബോർഡ് വായിച്ചത്, ധനേഷ് മാത്യവും മുഹമ്മദ് അൽത്താഫും ഗിത്താർ, ആകാശ് പി ബൈജുവിന്റേതായിരുന്നു റിഥ പാഡ്. അങ്ങനെ കുട്ടി ഓർക്കസ്ട്രയും ചേർന്നപ്പോൾ പരിപാടി ഗംഭീരമായി. ധന്യ ധനേഷ്, ആതിര സുനില്‍, എസ്. ശ്രീലക്ഷ്മി, സ്‌നേഹ പീറ്റര്‍, ശരത് കൃഷ്ണന്‍, ഗോപിക കെ.ആര്‍, അമൃത എസ് മേനോന്‍ എന്നിവരുമായിരുന്നു ഗായകർ. ആർട്സ് ആൻഡ് മെഡിസിൻ എന്നു പേരിട്ട് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഇതുപോലെ നിരവധി കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.