കശ്മീരിനായി രാജ്യസഭയിൽ സിനിമാ പാട്ടുപാടി എംപി

ഭരണനിർവ്വഹണ സഭകളിൽ വ്യത്യസ്തമായ വർത്തമാനങ്ങളിലൂടെയും രീതികളിലൂടെയും ശ്രദ്ധയാകർഷിച്ച ഭരണസാരഥികൾ ഏറെയുണ്ട്. എഐഡിഎംകെ എംപിയായ നവനീതകൃഷ്ണനെ പോലെ. കശ്മീർ താഴ്‍വരയിലെ പ്രശ്നങ്ങൾ രാജ്യസഭയിൽ ഇന്നു ചർച്ചയ്ക്കെടുത്തപ്പോൾ തന്റെ നിലപാട് അദ്ദേഹമറിയിച്ചത് ഒരു സിനിമാ പാട്ടു പാടിയാണ്. കശ്മീർ ബ്യൂട്ടിഫുൾ കശ്മീർ എന്ന പാട്ടാണ് അദ്ദേഹം പാടിയത്. 

ഈ ഗാനത്തിനു രാഷ്ട്രീയവുമായ പണ്ടേ ബന്ധമുണ്ടെന്നു പറയാം. പാട്ടിന്റെ രംഗത്തിൽ പാടിയഭിനയിച്ചത് തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭകളിലൊരാളായ എംജിആർ. അദ്ദേഹം തന്നെയാണ് എഐഎഡിഎംകെ സ്ഥാപിച്ചതും. ഒപ്പം കശ്മീരിനോടുള്ള സ്നേഹമറിയിച്ച് അവിടെത്തെ കുങ്കുമപ്പൂക്കളെ  കുറിച്ചു വരെ പറഞ്ഞു നല്ലൊരു പ്രസംഗവും അദ്ദേഹം നടത്തി. എന്തായാലും നവനീതകൃഷ്ണന്റെ പാട്ടും പ്രസംഗവും സഭയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. 

ഇദയ വീണൈ എന്ന ചിത്രത്തിലെ ഗാനമാണിത്. കൃഷ്ണനും പഞ്ചുവും ചേർന്നു സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് ഈണമിട്ടത് ശങ്കറും ഗണേഷും ചേർന്നാണ്.