പുതിയ ഈണത്തിൽ താളത്തിൽ ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണ്’

നെഹ്റു ട്രോഫി വള്ളംകളിയുടെ തീം സോങ് പുറത്തിറക്കിയ ശേഷം നെഹ്റു പവിലിയനിൽ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡ് അലതരിപ്പിച്ച സംഗീതവിരുന്ന്.

ജലോൽസവങ്ങളുടെ രാജാവിന് ഔദ്യോഗിക ഗാനമായി ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ...’ എത്തി. വയലാർ രാമവർമ - ജി ദേവരാജൻ സഖ്യം തയാറാക്കിയ മലയാളത്തിലെ ഏറ്റവും ജനപ്രിയമായ വഞ്ചിപ്പാട്ട് യുവ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണു തനിമ നഷ്ടപ്പെടാതെ പുത്തൻ രൂപഭാവത്തോടെ നെഹ്റു ട്രോഫിയുടെ തീം സോങ് ആയി അണിയിച്ചൊരുക്കിയത്.

എൻടിബിആർ സൊസൈറ്റി ചെയർമാൻ കലക്ടർ എൻ പത്മകുമാർ തീം സോങ് പ്രകാശനം ചെയ്തു. പുതിയ തീം സോങ് കേൾക്കാനും സ്റ്റീഫൻ ദേവസിയുടെ സംഗീത വിരുന്ന് ആസ്വദിക്കാനും നൂറുകണക്കിനാളുകൾ പുന്നമടത്തീരത്തെത്തി. നാടൻ- ഫ്യൂഷൻ രൂപത്തിലാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടനാട്ടിലെ വയലുകളുടെ പശ്ചാത്തലത്തിൽ ചുണ്ടൻ വള്ളത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഗാനത്തിന്റെ വിഡിയോ രൂപത്തിനു മാറ്റു കൂട്ടുന്നു.

സ്റ്റീഫൻ ദേവസി, പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസിയുടെ തന്നെ സോളിഡ് ബാൻഡ് അകമ്പടിയേകി നിർമാണ നിർവഹണം ശ്യാം ദേവസിയും ഛായാഗ്രഹണം മൂവാറ്റുപുഴ ജോ ബെന്നും നിർവഹിച്ചിരിക്കുന്നു.

തോമസ് ചാണ്ടി എം എൽ എ, സബ് കലക്ടർ ഡി ബാലമുരളി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ ആർ പ്രമോദ് കുമാർ, ഡിടിപിസി സെക്രട്ടറി സി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.