ചിത്രയുടെ നാദഭംഗിയിൽ വീണ്ടുമൊരു ദൈവഗീതം

മിഴിനിറഞ്ഞു... മനം മുറിഞ്ഞു... തളർന്നു വീണു ഞാൻ... ഇരുളു മൂടും വഴികളേറെ കടന്നുപോകണം... ആരുമില്ല കാവലായി കാത്തുകൊൾക നീ...ചിത്രപൗര്‍ണമിയുടെ നാദഭംഗിയിലൂടെ പിറന്ന മറ്റൊരു പാട്ട്. കെ എസ് ചിത്ര പാടിത്തരുന്ന മറ്റൊരു ദൈവഗീതം. കണ്ണുനീരിൽ കുതിർന്ന മനസുകളിലേക്ക് മെഴുകുതിരി വെട്ടം പോലെത്തുന്ന വരികളും ഈണവും പാട്ടിനോടൊപ്പം കേഴ്‌വിക്കാരന്റെ മനസും കൊണ്ടുപോകുന്നു. വാനമ്പാടിയുടെ ശബ്ദത്തിന്റെ ചേലിനെ കുറിച്ച് മലയാളിയോടു പറയേണ്ടതില്ലല്ലോ. അർഥവത്തായ വരികളിലൂടെ ചിത്ര പാടിയെത്തുമ്പോൾ, അതിനൊപ്പം സൗമ്യമായ ഈണങ്ങൾ കൂടിച്ചേരുമ്പോൾ നമുക്ക് കിട്ടുന്ന മറ്റൊരു സുന്ദര ഗീതം തന്നെയാണിത്.

ദൈവം നിന്നോടു കൂടെ എന്ന ആൽബത്തിലെ പാട്ടാണിത്. ഗോഡ്‌വിൻ വിക്ടർ കടവൂർ എഴുതിയ വരികള്‍ക്ക് ജോർജ് മാത്യു ചെറിയാത്താണ് ഈണം പകർന്നത്. നൊമ്പരപ്പെടുത്തലുകൾക്കപ്പുറം, വേദനകൾക്കപ്പുറം പ്രതീക്ഷയുടെ തിരികെയെത്തലിന്റെ സന്ദേശം തന്ന് വീഡിയോയുടെ ദൃശ്യങ്ങൾ അടയുമ്പോഴും കാതിനുള്ളിൽ നിന്ന് ചിത്രഗീതങ്ങൾ അലയടിച്ചുകൊണ്ടേയിരിക്കും. കാലം ചെല്ലുന്തോറും ആഴമേറുന്നു കെ എസ് ചിത്രയെന്ന ആലാപന വിസ്മയെമെന്ന് പറഞ്ഞു തരുന്ന മറ്റൊരു മനോഹരമായ ഗീതം.