ജേക്കബിന്റെ സ്വർഗരാജ്യത്തെ വിശേഷങ്ങള്‍

ജേക്കബിന്റെ സ്വർഗരാജ്യമെന്നാൽ എന്താണ്. അതിനുത്തരമാണ് ഈ പാട്ടും അതിലെ ദൃശ്യങ്ങളും. കുഞ്ഞു കുടുംബത്തിനുള്ളിലെ വലിയ സന്തോഷങ്ങൾ പങ്കുവച്ച് ജേക്കബിന്റെ സ്വർഗരാജ്യമെന്ന ചിത്രത്തിലെ പുത്തൻ ഗാനമെത്തി. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഈ ശിശിരകാലം എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ ബി കെ ഹരിനാരായണന്റേതാണ്. ഷാൻ റഹ്മാന്റേതാണ് ഈണം. പാട്ടിന്റെ ദൃശ്യങ്ങൾ ഒരു കുഞ്ഞു കഥപോലെ സുന്ദരം. സ്നേഹവും സന്തോഷവും തമാശയും കു​ഞ്ഞ് പിണക്കങ്ങളും നിറഞ്ഞ ഒരു ലോകത്തെ കുറിച്ചുള്ള കഥ. വിനീത് ശ്രീനിവാസന്റെയും കാവ്യാ അജിത്തിന്റെയും ആലാപനവും അതുപോലെ മനോഹരം.

ദുബായിലെ ആഘോഷ ജീവിതത്തിലെ സ്നേഹക്കാഴ്ചകൾ പങ്കുവയ്ക്കുന്ന പാട്ടിൽ നിവിൻ പോളിയും രഞ്ജി പണിക്കരുമടക്കം ഓരോ കഥാപാത്രങ്ങളും നമ്മോട് കൂടുതൽ അടുത്ത് നിൽക്കുന്നു. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകൻ. എൽജെ ഫിലിംസിന്റെ ബാനറിൽ നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിക്കുന്നത്.