മണിയെ ഓർത്ത് നികേഷ് കുമാറും അമ്മയും

മണിയെ എങ്ങനെ മറക്കാനാണ്...ആ പാട്ടുകളെ മറന്നുകൊണ്ട് നമുക്കൊരു താളമുണ്ടോ? ജീവസുറ്റ അഭിനയത്തെ ഓർക്കാതെ നമുക്ക് ചലച്ചിത്രത്തെ അനുഭവിക്കാനാകുമോ? കലാഭവൻ മണിയെന്ന കലാകാരൻ സാമൂഹിക ചിന്തകളിൽ ചെലുത്തിയ സ്വാധീനത്തിന്റെ ആഴമറിയുകയാണ് ഈ ദിനങ്ങളിൽ. തെരഞ്ഞെടുപ്പായിട്ടും അതിനു മാറ്റമില്ല. കാരണം മണിയുണ്ടായിരുന്നുവെങ്കിൽ തന്റെ നാടൻപാട്ടുകളുമായി മണിയെത്തിയേനെ തനിക്കിഷ്ടമുള്ളവർക്ക് വോട്ടു തേടി. നികേഷിനും അക്കാര്യമറിയാം. 

മണിക്കിലുക്കത്തിന്റെ താളത്തിനൊപ്പമാണ് അഴീക്കോട് നികേഷ് കുമാറിന്റെയും യാത്ര. മണിയുടെ പാട്ടുകളുമായി മണിക്കിലുക്കം എന്ന പേരിൽ കലാസംഘം കോഴിക്കോടെങ്ങും സഞ്ചരിക്കും. മണിയുടെ പാട്ടുകളെ ആളുകൾ ഏറെയിഷ്ടപ്പെടുന്നുവെന്നു മാത്രമല്ല ഇതിനു കാരണം. നികേഷിനുറപ്പുണ്ട് മണിയുണ്ടായിരുന്നുവെങ്കിൽ അഴീക്കോട്ടേക്ക് ഓടിയെത്തുമായിരുന്നുവെന്ന്. അതുപോലെ നികേഷിന്റെ അമ്മ ജാനകിയ്ക്ക് മണിയുടെ സിനിമകളും പാട്ടും ഏറെയിഷ്ടമാണ്. മണി മരിച്ചു കഴി​ഞ്ഞുള്ള ദിവസങ്ങളിൽ അമ്മ നികേഷിനോട് സംസാരിച്ചതത്രയും മണിയെക്കുറിച്ചായിരുന്നു. അതുകൊണ്ട് അമ്മയെക്കൊണ്ടു തന്നെയാണ് നികേഷ് മണിക്കിലുക്കം ഉദ്ഘാടനം ചെയ്യിച്ചത്. 

നികേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കലാഭവൻ മണി, ഇന്നുണ്ടായിരുന്നെങ്കിൽ ഓടിയെത്തുമായിരുന്നു അഴീക്കോടും. എങ്കിലും പ്രിയപ്പെട്ട മണിയുടെ പാട്ടുകൾ മറന്നുകൊണ്ട് ഒരു പ്രചരണം എൽഡിഎഫിനില്ല. മണിയുടെ പാട്ടുമായി 'മണികിലുക്കം' എന്ന പേരിൽ സഞ്ചരിക്കുന്ന കലാസംഘം അഴീക്കോടെങ്ങും സഞ്ചരിക്കും.

ഞാനുൾപ്പെടെ മണിയെ ആരാധിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. പക്ഷേ, ഞാനറിയുന്ന മണിയുടെ ഏറ്റവും വലിയ ആരാധിക എന്റെ അമ്മ ജാനകിയാണ്. മണിയുടെ സിനിമകൾ, പാട്ടുകൾ അമ്മയ്ക്ക് അത്രത്തോളം ഇഷ്ടമാണ്. മണി മരിച്ച്‌ ദിവസങ്ങളോളം അമ്മ എന്നോട് സംസാരിച്ചതത്രയും മണിയെക്കുറിച്ച് തന്നെ, അതിനിടയിൽ ഇടയ്ക്ക് കരച്ചിലും. മലയാളികൾ ഓരുത്തരെപ്പോലെയും പോലെ മണി അമ്മയുടെ മനസിലെയും വിങ്ങലാണ്. പ്രിയപ്പെട്ട മണിയുടെ പേരിലുള്ള ഈ കലാസംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും അമ്മ തന്നെയാണ്. പ്രചരണ പ്രവർത്തന ത്തിൽ എനിക്കൊപ്പം സജീവമാണ് ഈ പ്രായത്തിലും എന്റെ അമ്മ.