അഞ്ചു ലക്ഷം കാഴ്ചക്കാരുമായി നിളമണൽ തരികളിൽ

കവിതയൂറും വരികളെന്ന വിശേഷണം പോലും ഈ പാട്ടിനെ സംബന്ധിച്ച് ഏറ്റവും ചെറുതാണ്. കിസ്മത്ത് എന്ന പ്രണയാർദ്ര ചിത്രത്തിലെ ഗാനം നിളമണൽതരികള്‍ അത്രയേറെ മനോഹരമാണ്. അഞ്ചു ലക്ഷം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്. കാവ്യസുന്ദരമായ വരികളും ഈണവും ആലാപനവും ചേർന്നൊരു മെലഡി, അതും വലിയ താരനിരയൊന്നുമില്ലാത്തെ സിനിമയിലെ ഗാനം ഇത്രയേറെ ശ്രദ്ധയമാകുന്നത് എന്നത് ഓർക്കണം. 

350 ഓളം ചിത്രങ്ങൾക്കു ഗിത്താർ വായിച്ച സുമേഷ് പരമേശ്വറാണ് നിളമണൽത്തരികള്‍ക്കു, നിളയോരത്ത് വീശുന്ന കാറ്റിന്റെ താളം പോലുള്ള ഈണം പകർന്നത്. ഹരിശങ്കറും ശ്രേയാ രാഘവും ചേർന്നാലപിച്ചു ആ പാട്ട്. അത്രയ്ക്കങ്ങു കേട്ട് പരിചയമില്ലാത്ത സ്വരത്തിലെ ഈണം മനസുകളിലേക്കങ്ങൊഴുകി പോകുവാന്‍ അധികനേരമെടുത്തില്ല. റഫീഖ് അഹമ്മദിന്റെ പാട്ടെഴുത്തിന്റെ ആഴം ഒന്നുകൂടി മലയാളി അറിഞ്ഞു ഈ ഗാനത്തിലൂടെ. സമൂഹം പൊട്ടിച്ചെറിഞ്ഞൊരു പ്രണയകഥയുടെ നല്ലോർമകളെ, നിമിഷങ്ങളെ കുറിച്ചു പാടിയ വരികളായിരുന്നു അത്. 

സുമേഷ് പരമേശ്വറുമായുള്ള അഭിമുഖം വായിക്കാം

ഈണമിട്ട സുമേഷ് പരമേശ്വറിന് മാത്രമല്ല, നായികയുടെ സ്വരമായ ഗായിക ശ്രേയാ രാഘവിനും വലിയൊരു ബ്രേക്ക് നൽകിയ ഗാനം കൂടിയാണിത്. ജീവിതത്തിൽ ആദ്യമായി ചിട്ടപ്പെടുത്തിയ ചലച്ചിത്ര ഗാനം നിളാ നദിയെ പോലെ മലയാളത്തിന്റെ മനസുകൾ സ്നേഹിക്കുന്ന കാഴ്ച കാണുന്ന സന്തോഷത്തിലാണു സംഗീത സംവിധായകൻ സുമേഷ് പരമേശ്വർ. 

സാഹിത്യം നിറഞ്ഞു നിൽക്കുന്ന പാട്ടുകളെ പുതിയ തലമുറ അത്രകണ്ടെന്ന വാദങ്ങളെ അപ്പാടെ തെറ്റിച്ചു കിസ്മത്തിലെ പാട്ടുകൾ. ആദ്യമെത്തിയ ഗാനം ഖിസ പാതിയിലും പിന്നീടെത്തിയ നിളമണൽത്തരികളും പിന്നെയുള്ള ഗാനങ്ങളുമെല്ലാം ഇതുപോലെ കേൾവികളെ സ്വന്തമാക്കി. പിന്നെയും പിന്നെയും മൂളി നടക്കുന്ന, ഏറ്റുപാടുന്ന ഗാനങ്ങളായി അവയെല്ലാം മാറി. ഇനിയുമതങ്ങനെ തുടരും.