ദുൽഖറിന്റെയും അനുപമയുടെയും പ്രണയം; തരംഗമായി പാട്ട്

ദുൽഖർ സൽമാനും അനുപമ പരമേശ്വരനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ചിത്രത്തിലെ ജ്യൂക് ബോക്സ് യുട്യൂബിൽ മികച്ച പ്രതികരണം നേടുന്നതിനിടയിലാണ് ഒരു പാട്ടിന്റെ ടീസര്‍ എത്തിയത്. യുട്യൂബിൽ ഇപ്പോൾ ഈ വിഡിയോ തരംഗമാണ്. ഒരു മിനുട്ട് ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ ആറു ലക്ഷത്തിലധികം പ്രാവശ്യമാണ് ഒരു ദിവസം കൊണ്ട് ആളുകള്‍ കണ്ടത്. ദുൽഖറും അനുപമയും റൊമാന്റിക് ഗാനത്തിനൊപ്പം പാടി ആടുന്ന ടീസർ കാണാനും കേൾക്കാനും രസകരമാണ്. 

റഫീഖ് അഹമ്മദ് ആണ് നോക്കി നോക്കി...എന്നു തുടങ്ങുന്ന പാട്ട് കുറിച്ചത്. വിദ്യാസാഗറിന്റേതാണു സംഗീതം. അഭയ് ജോധ്പുർക്കറും മെറിൻ ഗ്രിഗറിയും ചേർന്നാണ് ഈ ഗാനം പാടിയത്. ആകെ മൂന്നു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ബൽറാം, സുജാത മോഹൻ, നജീം അർഷദ് എന്നിവർ ചേർന്നാണ് മറ്റു മൂന്നു പാട്ടുകളും എഴുതിയത്. ചിത്രം ക്രിസ്മസിനു റിലീസിനെത്തും.  ഈ സത്യൻ അന്തിക്കാട് ചിത്രം സേതു മണ്ണാർക്കാടാണ് നിർമ്മിക്കുന്നത്.