പെണ്ണോണ പാട്ട്, പൊന്നോണ പാട്ട്...

അര്‍ച്ചന ഗോപിനാഥ്, എഴുത്തുകാരി എം.ആര്‍ ജയഗീത, ഗായിക രാജലക്ഷ്മി

പെണ്ണോണ പാട്ട് പൊന്നോണ പാട്ട് ചിങ്ങപ്പുലരികളിലെ പെണ്‍ ചന്തം പോലൊരു പാട്ട്്. മൂന്നു പെണ്ണുങ്ങളുടെ എഴുത്തും സ്വരവും ഈണവും ചേര്‍ന്നൊരു പാട്ട.് പെണ്ണോണ പാട്ട്്. എഴുത്തുകാരി എം ആര്‍ ജയഗീതയും കൂട്ടുകാരി അര്‍ച്ചന ഗോപിനാഥും ഗായിക രാജലക്ഷ്മിയും ചേര്‍ന്നു തീര്‍ത്ത പാട്ട്. ഈ ഓണ ദിനത്തിലെ ഏറ്റവും വേറിട്ടൊരു പാട്ടീണമാണ്. ഓ ഓണം വന്നല്ലോ ഒരു പൂത്താലം പൂത്തല്ലോ...എന്ന ഗാനം പൂത്തുലഞ്ഞൊരു വയലേല പോലെ സുന്ദരം. 

ചലച്ചിത്ര ഗാനരചനാ രംഗത്ത് അപൂര്‍വ്വമായ പെണ്‍ സാന്നിധ്യത്തില്‍ ശ്രദ്ധേയായ എം ആര്‍ ജയഗീതയ്ക്കിതൊരു ഓര്‍മ പാട്ടു കൂടിയാണ്. എഴുത്തിലും ജീവിതത്തിലും പിന്നെ തന്‌റെ ഇഷ്ടങ്ങള്‍ക്കെല്ലാം കൈപിടിച്ച ഭര്‍ത്താവ് ശിവപ്രസാദിന്‌റെ ഓര്‍മകള്‍ക്കു മുന്‍പിലിരുന്നാണീ എഴുത്ത്. ജയഗീത എഴുതിയൊരു ഓണപ്പാട്ടു കേൾക്കുവാൻ ഭര്‍ത്താവ് ശിവപ്രസാദും ആഗ്രഹിച്ചിരുന്നു. പക്ഷേ ഓണ ഓർമകളിൽ വേദനയുടെ പൂവിതറിക്കൊണ്ട് കഴിഞ്ഞ വർഷം അദ്ദേഹം കടന്നു പോയി. കാത്തിരുന്നു കിട്ടിയ അവസരം ആ മരണത്തിൽ മറഞ്ഞുപോയെങ്കിലും ഈ ഓണത്തിനു മറ്റൊരു സുഹൃത്തിലൂടെ ജയഗീതയ്ക്ക് പാട്ടെഴുതുവാനുള്ള അവസരം കൈവന്നു. ഓണത്തിന്റെ ഗ്രാമീണ ചന്തത്തെയും അതു മനുഷ്യനും പ്രകൃതിയുമായും എത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്നും കുറിച്ചിടുകയാണ് ജയഗീത. തിരുവോണ നാളുകളിൽ വിടർന്നു നില്‍ക്കുന്ന പൂ പോലുള്ള ഈരടികളിലെ പദഭംഗി തന്നെയാണീ പാട്ടിന്റെ പ്രത്യേകത.

''ലോക മാനവികതയ്ക്കു തന്നെ മാതൃകയാകേണ്ട ഒരു ഉത്സവമാണ് ഓണം. അതിനെക്കുറിച്ചൊരു പാട്ടെഴുതണമെന്നത് എക്കാലത്തേയും ആഗ്രഹമായിരുന്നു. എന്‌റെ മാത്രമല്ല ഭര്‍ത്താവിന്‌റെയും. ഓണം അത്രയേറെ ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഭൗതികമായി എനിക്കൊപ്പമില്ലെങ്കിലും മരണത്തിനൊപ്പം അദ്ദേഹം പോയിട്ടില്ലെന്നു തന്നെയാണെന്‌റെ വിശ്വാസം. ഓണം ഞങ്ങള്‍ക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ട നാളുകളായിരുന്നു. കോളെജ് കാലത്തെ പ്രണയത്തിനിടയില്‍ അദ്ദേഹം സമ്മാനമായി തന്നിരുന്നതു പോലും ഓണപ്പാട്ടുകളായിരുന്നു. ഓണനാളില്‍ വീട്ടില്‍ ഉച്ചത്തില്‍ ഓണപ്പാട്ടു വയ്ക്കും. പിന്നെ അതിനൊപ്പമാണ് ആ ദിനം കടന്നുപോകുക. അതുകൊണ്ടു കഴിഞ്ഞ വർഷം സംഗീത സംവിധായകൻ കണ്ണൻ ഓണപ്പാട്ട് എഴുതി തരാമോ എന്ന ആവശ്യവുമായി എത്തിയപ്പോൾ അതില്‍ ഏറ്റവുമധികം സന്തോഷിച്ചതു പോലും അദ്ദേഹമായിരുന്നു. പക്ഷേ പെട്ടന്നാണ് അദ്ദേഹത്തിനു സുഖമില്ലാതാകുന്നതും കടന്നുപോകുന്നതും. സംഗീത സംവിധായകൻ കണ്ണനും കുറച്ചു ദിവസങ്ങൾക്കു ശേഷം മരണപ്പെട്ടു. ഓണത്തെ കുറിച്ചുള്ള പാട്ടെഴുത്ത് അങ്ങനെ മരണങ്ങളില്‍ മുങ്ങിപ്പോയി. ഇനി അങ്ങനെയൊരു പാട്ടെഴുതാനാകുമോ എന്നു തന്നെ എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് ഞാന്‍ എന്‌റെ അനുജത്തിയെ പോലെ കാണുന്ന സുഹൃത്ത് അര്‍ച്ചന, ചേച്ചീ നമുക്കൊരു ഓണപ്പാട്ടു ചെയ്താലോ എന്നു ചോദിക്കുന്നത്. അതു വലിയൊരു ഉണര്‍വായിരുന്നു. വാട്‌സ് ആപ് വഴിയാണു അര്‍ച്ചന എനിക്കു ഈണം അയച്ചു തന്നത്. അതു കേട്ടിരിക്കുമ്പോള്‍ തന്നെ വരികളും മനസില്‍ വന്നു....''എം.ആര്‍ ജയഗീത പറഞ്ഞു. മമ്മൂട്ടി ചിത്രമായ വര്‍ഷത്തിലെ കൂട്ടു തേടി വന്നു ഞാന്‍, തിലോത്തമയിലെ ഗാനങ്ങള്‍ വൂണ്ട് എന്ന ചിത്രത്തിലെ രാകേന്ദു പോകയായ് എന്നീ പാട്ടുകള്‍ ജയഗീതയുടെ എഴുത്തിലൂടെയാണു നമ്മിലേക്കെത്തിയത്. 

സംഗീത സംവിധായകൻ കണ്ണൻ

രാകേന്ദു പോകയായ് എന്ന ഗാനത്തിന്റെ വരികളുടെ ഭംഗിയാണ് ജയഗീതയുടെയും അർച്ചനയുടെയും സൗഹൃദത്തിനു തുടക്കമിടുന്നതും. "ഭാഷാ ഭംഗിയുള്ള പാട്ട്, അതും ഒരു സ്ത്രീ ആണ് അതെഴുതിയത് എന്നറിഞ്ഞതോടെ അടുത്തറിയുവാനൊരു ആഗ്രഹം തോന്നി." അർച്ചന ഗോപിനാഥ് പറഞ്ഞു. "സംവിധായകൻ രാജസേനൻ വഴിയാണു, ജയഗീത ചേച്ചിയെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെയുള്ള സംസാരം, പിന്നീടു ആഴമുള്ള സൗഹൃദത്തിലേക്കു വഴിമാറി. പക്ഷേ അതിനിടയിലാണു ചേച്ചിയുടെ ജീവിതത്തിലേക്കു ഭർത്താവിന്റെ മരണം കടന്നുവരുന്നത്. എന്തുപറഞ്ഞാലും ആശ്വാസമാകില്ലെന്നറിയാമായിരുന്നു. ചേച്ചിയും ഒരുപാട് ഉൾവലിഞ്ഞു. ഞങ്ങളുടെ സൗഹൃദവും. പിന്നീടതു വീണ്ടും പഴയതു പോലെയാകുന്നത് ചേച്ചിയുടെ അഞ്ചാം പുസ്തക പ്രകാശന ചടങ്ങിലായിരുന്നു. ഭർത്താവിന്റെ ഒന്നാം ഓർമ ദിനത്തിലായിരുന്നു അത്. ആ ചടങ്ങിലേക്കു എന്നെയും ക്ഷണിച്ചു. ഒരിടവേളയ്ക്കു ശേഷം മടങ്ങി വന്ന സൗഹൃദം ഓണത്തിനു ഒരു പാട്ടു ചെയ്ത് ആഘോഷിച്ചാലോ എന്ന് ഞാനാണ് പറയുന്നത്. വാട്സ് ആപ്പിലൂടെ ഈണവും അയച്ചു കൊടുത്തു. ആ സംഗീതം കേട്ടതിനു പിന്നാലെ വരികളുമെത്തി. എന്നെ അതിശയിപ്പിച്ചു കളഞ്ഞ എഴുത്തായിരുന്നു അത്. എം ആർ ജയഗീതയെന്ന എന്ന എഴുത്തുകാരിയുടെ ഭാഷാ സമ്പത്തിനെ ഒന്നുകൂടി അടുത്തറിഞ്ഞു. 

പിന്നീടാണ് ചേച്ചിയ്ക്കു കഴിഞ്ഞ വർഷം എഴുതാനാകാതെ പോയ ഓണപ്പാട്ടിന്റെ കഥ ഞാൻ അറിയുന്നത്. അതുകൂടി കേട്ടപ്പോൾ‌ പാട്ടിനിട്ട ഈണത്തിനു സൗഹൃദത്തിനും സ്നേഹത്തിനും അപ്പുറമുള്ളൊരു ഭാവം കൈവന്ന പോലെ. രീതിഗൗള രാഗത്തിലാണു പാട്ടു ചിട്ടപ്പെടുത്തിയത്. ഓണത്തിന്റെ താളമുള്ളൊരു കോറസു വേണമെന്നു ചിന്തിച്ചതിനാൽ അതു തന്നെയാണ് ആദ്യം ചെയ്തത്. ജയഗീത ചേച്ചിയുടെ വലിയ ആഗ്രഹമായിരുന്നു രാജലക്ഷ്മിയെ കൊണ്ടു പാടിക്കണമെന്ന്. അതിമനോഹരമായി അവരതു പാടുകയും ചെയ്തു.  മനസു ചേർത്തുവച്ചു സ്വരം നൽകി...."

ഓണത്തിനു പുതിയൊരു ഓണപ്പാട്ടു പാടുവാനായതിന്റെ സന്തോഷമാണ് രാജലക്ഷ്മിയ്ക്ക്. കാരണം, മൂന്നു സ്ത്രീകൾ ചേർന്നു ചെയ്തൊരു ഗാനമാണ് എന്നതു കൊണ്ടു മാത്രമല്ലിത്, നല്ലൊരു സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൂടി പിറന്ന ഗാനമാണിതെന്നതു കൊണ്ടു തന്നെ. രാജലക്ഷ്മി പറയുന്നു. 

തുമ്പപ്പൂവിന്‌റെ ഇതളുകളില്‍ കുഞ്ഞു ശലഭം താളമിടുന്ന പോലുള്ള പാട്ടിനു അതേപോലുള്ള സ്വരം തന്നെയാണു പകര്‍ന്നതും. അര്‍ച്ചന ചിട്ടപ്പെടുത്തിയ ഈണത്തിനു ഉത്സവത്തിന്‌റെയും നന്മയുടെയും ആത്മസ്പര്‍ശമുണ്ട്. ഒന്നുകേട്ടാല്‍ പിന്നെയും പിന്നെയും ഏറ്റുപാടുവാന്‍ തോന്നുന്ന ഈണം. ഓണത്തിനു കേട്ടാലും തീരാത്തത്രയും ഗീതങ്ങളാണെത്താറ്. അതിനിടയില്‍ ഈ പാട്ട് ഏറ്റവും വ്യത്യസ്തമാകുന്നത് അതു മൂന്നു പെണ്‍ചിന്തകള്‍ ചേര്‍ന്നപ്പോള്‍ പിറന്ന പാട്ടായതു കൊണ്ടാണ്. ഇനി വരും ഓണനാളുകളെ പൊന്‍നിറമണിയിക്കും ഈ പെണ്ണോണപാട്ട്.... ഓണനാളുകളില്‍ നിറഞ്ഞു പുഞ്ചിരിക്കുന്ന പൂത്താലങ്ങളെ പോലെ....