അടുത്ത വർഷം വൺ ഡയറക്ഷനുണ്ടാകില്ല

വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബോയ്സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ്ഫാക്റ്ററിലൂടെ രംഗത്ത് വന്ന ബാൻഡ് വളരെപ്പെട്ടന്നാണ് പ്രശസ്തിയിലെത്തിയത്. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ സൂപ്പർഹിറ്റ് ആൽബങ്ങൾ പുറത്തിറക്കി അതിപ്രശസ്തിയിൽ നിൽക്കുമ്പോഴാണ് ആരാധകരെ നിരാശയിലാഴ്ത്തി ബാൻഡ് അംഗം സെയ്ൻ മാലിക്ക് വൺ ഡയറക്ഷൻ വിട്ടത്.

സെയ്ൻ മാലിക്കിന്റെ പിൻവാങ്ങലിന് ശേഷം ബാൻഡിന് അത്ര നല്ലകാലമല്ല. ബാൻഡ് വൈകാതെ തന്നെ പിരിയും എന്നാണ് എല്ലായിടത്തുനിന്നും കേൾക്കുന്ന വാർത്തകൾ. സെയ്ൻ മാലിക്ക് ഇല്ലാത്ത ബാൻഡിൽ വലിയ കാര്യമില്ലെന്നും അടുത്തതായി ബാൻഡ് വിടാൻ പോകുന്നത് ഹാരി സ്റ്റൈൽസായിരിക്കുമെന്നും അമേരിക്കൻ ഗായകനും പ്രൊഡ്യൂസറുമായ ലാൻസ് ബാസ് പറഞ്ഞിരുന്നു. ബാസിനെ കൂടാതെ ബാൻഡിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ വൺ ഡയറക്ഷൻ സംവിധാനം ചെയ്ത മോർഗൻ സ്പർലോക്കും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഹാരി ഉടൻ ബാൻഡ് വിടുമെന്ന് ബാൻഡിലെ എല്ലാവർക്കുമറിയാമെന്നും ഇനിയധികം നാൾ ബാൻഡിന് ഒരുമിച്ച് പോകാൻ സാധിക്കുകയില്ലെന്നും മോർഗനും പറഞ്ഞിരുന്നു.

എന്നാൽ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും താൽകാലിക വിരാമം ഇടാൻ ഒരുങ്ങുകയാണ് വൺ ഡയറക്ഷൻ. അതിനായി അടുത്ത വർഷം സംഗീതത്തിൽ നിന്ന് മാറി നിൽക്കുകയാണ് വൺ ഡി. തങ്ങൾ ഉടൻ പുറത്തിറക്കുന്ന അഞ്ചാമത്തെ ആൽബവും ഏറ്റെടുത്ത ടൂറുകളും കഴിഞ്ഞാലുടൻ അവധി എടുക്കുമെന്നാണ് ബാൻഡിനോട് അടുത്ത വൃത്തകൾ പുറത്തുവിടുന്ന വിവരങ്ങൾ. എന്നാൽ തങ്ങൾ അവധിയെടുക്കുന്നു എന്ന വാർത്തകളോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വൺ ഡിയ്ക്ക് താൽകാലിക വിരാമമാകുമെങ്കിലും 2016 ബാൻഡ് അംഗങ്ങൾക്ക് തിരക്കുകളുടേതു തന്നെയാകും. അംഗങ്ങൾക്ക് സ്വന്തമായി ഗാനങ്ങളിറക്കാനുള്ള അവസരമാണിത് എന്നാണ് ബാൻഡിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ഒരു വർഷത്തെ അവധി എടുത്ത് പൂർവ്വാധികം ശക്തിയോടെയുള്ളൊരു തിരിച്ചു വരവാണ് ബാൻഡ് ഉദ്ദേശിക്കുന്നത്.

നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്ന് ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ്ഫാക്റ്ററിന് വേണ്ടി രൂപികരിച്ച ബാൻഡാണ് വൺ ഡയറക്ഷൻ. എക്സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതിനെ തുടർന്നാണ് ബാൻഡ് പ്രശസ്തമാകുന്നത്. ഇതുവരെ നാല് ആൽബങ്ങളാണ് വൺ ഡി പുറത്തിറക്കിയിട്ടുള്ളത്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.