ബ്രൂക്ലീൻ ബെക്കാമിനെ വൺ ഡയറക്ഷനിലെടുക്കാൻ ആരാധകരുടെ അപേക്ഷ

ലോകപ്രശസ്ത ബോസ് ബാൻഡായ വൺ ഡയറക്ഷൻ അതിപ്രശസ്തിയിൽ നിൽക്കുമ്പോഴാണ് ആരാധകരെ നിരാശയിലാഴ്ത്തി ബാൻഡ് അംഗം സെയ്ൻ മാലിക്ക് വൺഡയറക്ഷൻ വിട്ടത്. സെയ്ൻ മാലിക്ക് ബാൻഡ് വിട്ടുപൊയെങ്കിലും സംഗീതപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബാൻഡിലെ മറ്റ് അംഗങ്ങൾ തീരുമാനിച്ചിരുന്നത്. മാലിക്കിന്റെ പകരക്കാരനായി അംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ബാൻഡിന് പറ്റിയ ആളെ കിട്ടിയിരുന്നില്ല.

എന്നാൽ ബാൻഡിന് പകരക്കാരെയുമായി വൺ ഡി ആരാധകർ രംഗത്തെത്തിയിരിക്കുകകയാണ്. ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെയും ഗായിക വിക്റ്റോറിയ ബെക്കാമിന്റേയും മൂത്തമകൻ ബ്രൂക്ലിൻ ബെക്കാമിനെയാണ് ആരാധകർ സെയിൻ മാലിക്കിന്റെ പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്. വൺ ഡി താരങ്ങളും ബ്രൂക്ലിനും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് തങ്ങളുടെ അപേക്ഷ ബാൻഡിന് ആരാധകർ സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ അടുത്ത വർഷം സംഗീതത്തിൽ നിന്ന് മാറി നിൽക്കുകയാണ് വൺ ഡി. തങ്ങൾ ഉടൻ പുറത്തിറക്കുന്ന അഞ്ചാമത്തെ ആൽബവും ഏറ്റെടുത്ത ടൂറുകളും കഴിഞ്ഞാലുടൻ അവധി എടുക്കുമെന്നാണ് ബാൻഡിനോട് അടുത്ത വൃത്തകൾ പുറത്തുവിടുന്ന വിവരങ്ങൾ. വൺ ഡിക്ക് താൽകാലിക വിരാമമാകുമെങ്കിലും 2016 ബാൻഡ് അംഗങ്ങൾക്ക് തിരക്കുകളുടേതു തന്നെയാകും. അംഗങ്ങൾക്ക് സ്വന്തമായി ഗാനങ്ങളിറക്കാനുള്ള അവസരമാണിത് എന്നാണ് ബാൻഡിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ഒരു വർഷത്തെ അവധി എടുത്ത് പൂർവ്വാധികം ശക്തിയോടെയുള്ളൊരു തിരിച്ചു വരവാണ് ബാൻഡ് ഉദ്ദേശിക്കുന്നത്.

നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്ന് ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ്ഫാക്റ്ററിന് വേണ്ടി രൂപികരിച്ച ബാൻഡാണ് വൺ ഡയറക്ഷൻ. എക്സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതിനെ തുടർന്നാണ് ബാൻഡ് പ്രശസ്തമാകുന്നത്. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ സൂപ്പർഹിറ്റായ നാല് ആൽബങ്ങളാണ് വൺ ഡി പുറത്തിറക്കിയിട്ടുള്ളത്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.