വൺഡയറക്ഷന്റെ പുതിയ ഗാനം ഡ്രാഗ് മീ ഡൗൺ

സെയ്ൻ മാലിക്കിന്റെ പിന്മാറ്റത്തിന് ശേഷമുള്ള വൺ ഡയറക്ഷന്റെ ആദ്യ സിംഗിൾ ഡ്രാഗ് മീ ഡൗൺ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം വൺ ഡയറക്ഷൻ അംഗങ്ങൾ തങ്ങളുടെ ഇൻസ്റ്റ്ഗ്രാം പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയ വിവരം ലോകത്തെ അറിയിച്ചത്. തങ്ങളുടെ പുതിയ ആൽബത്തിലെ ആദ്യ ഗാനമാണ് ഡ്രാഗ് മീ ഡൗൺ എന്നും താരങ്ങൾ പറയുന്നുണ്ട്. ഗാനത്തിന്റെ ഓഡിയോ മാത്രമേ ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളു. അഞ്ചാം വർഷം ആഘോഷിക്കുന്ന ബാൻഡിൽ നിന്ന് മാലിക്ക് പിന്മാറിയത് കഴിഞ്ഞ മാർച്ചിലായിരുന്നു.

അതിപ്രശസ്തിയിൽ നിൽക്കുമ്പോഴാണ് ബാൻഡ് അംഗം സെയ്ൻ മാലിക്ക് വൺഡയറക്ഷനിൽ നിന്ന് പിൻമാറിയത്. ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും തന്റെ കുടുംബത്തിന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കണെമെന്നും പറഞ്ഞായിരുന്നു മാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് അകന്നത്.

സെയ്ൻ മാലിക്കിന്റെ പിൻവാങ്ങലിന് ശേഷം ബാൻഡിന് അത്ര നല്ലകാലമായിരുന്നില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിവാദങ്ങളാണ് ഉയരുന്നത്. സെയ്ൻ മാലിക്ക് ഇല്ലാത്ത ബാൻഡിൽ വലിയ കാര്യമില്ലെന്നും അടുത്തതായി ബാൻഡ് വിടാൻ പോകുന്നത് ഹാരി സ്‌റ്റൈൽസായിരിക്കുമെന്നും ബാൻഡ് ഉടൻ പിരിച്ചു വിടുമെന്ന് വരെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് വൺ ഡയറക്ഷന്റെ പുതിയ ഗാനം പുറത്തുവന്നിരിക്കുന്നത്.

വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ്ഫാക്റ്ററിന് വേണ്ടി 2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്‌കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്‌കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.