ഒ.എൻ.വിയുടെ 84ാം ജന്മദിനം തലസ്ഥാനം കൊണ്ടാടും

ബാല്യത്തിലെ ഏകാന്തതയിൽ ഒരു തുള്ളി വെളിച്ചമായി വന്ന കവിത ഈ എൺപത്തിനാലാം ജന്മദിനത്തിലും ഒ.എൻ.വിയുടെ കൂടെയുണ്ട്. തുള്ളികൾ ചേർന്നു തടാകവും തുടർന്നു സമുദ്രവുമായി മാറിയ മഹാ കാവ്യകലയുടെ ആചാര്യന്റെ പിറന്നാൾ ദിനം അക്ഷരോൽസവമായി കൊണ്ടാടാൻ ഒരുങ്ങുകയാണു കേരളമനസ്സ്. പ്രിയ കവിക്കു പിറന്നാൾ സമ്മാനമായി കെപിഎസിയുടെ പ്രശസ്ത നാടകം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' വീണ്ടും അരങ്ങിലെത്തുന്നു എന്നതാണ് ആഘോഷത്തിന്റെ പ്രധാന സവിശേഷത.

ഒ.എൻ.വി. പ്രതിഭാ ഫൗണ്ടേഷൻ ഈ മാസം 26 മുതൽ 29 വരെ സെനറ്റ് ഹാളിലും വിജെടി ഹാളിലുമായി 'ഒ.എൻ.വി. സഹസ്ര പൂർണിമ' എന്ന പേരിൽ പിറന്നാൾ ആഘോഷം നടത്തും. 26നു വൈകുന്നേരം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.

സീതാകാന്ത് മഹാപത്ര, സുഗതകുമാരി, കേദാർനാഥ് സിങ്, പ്രബോൽകുമാർ ബസു, സിർപ്പി ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖ കവികൾ പങ്കെടുക്കുന്ന ദേശീയ കവിസമ്മേളനം, മലയാള കവിസമ്മേളനം, മാതൃഭാഷ അവകാശ പ്രഖ്യാപന സമ്മേളനം, ഒ.എൻ.വിയുടെ കാവ്യധാരയെപ്പറ്റിയുള്ള പ്രഭാഷണങ്ങൾ, കാവ്യസംഗീതിക, അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി നൃത്തശിൽപം, പുസ്തക പ്രകാശനം, സ്വരലയ–കൈരളി–യേശുദാസ് ലജൻഡറി പുരസ്കാര സമർപ്പണം തുടങ്ങിയ വിപുലമായ പരിപാടികളാണു സംഘടിപ്പിച്ചിട്ടുള്ളത്.

സെനറ്റ് ഹാളിൽ 26നാണു 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അവതരിപ്പിക്കുന്നത്. നാടകം ഒരിക്കൽക്കൂടി കാണണമെന്ന കവിയുടെ ആഗ്രഹം മുൻനിർത്തിയാണിത്. കെപിഎസിക്കു വേണ്ടി ഒ.എൻ.വി – ദേവരാജൻ ടീം ആദ്യമായി ഒന്നിക്കുന്നത് ഈ നാടകത്തിലാണ്.

കവിയുടെ നാടായ ചവറ തട്ടാശേരിയിലാണ് ഈ നാടകം ആദ്യമായി അരങ്ങിലെത്തിയത്; 1952 ഡിസംബർ ആറിന്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേരുറപ്പു തീർത്തതിൽ തോപ്പിൽ ഭാസിയുടെ ഈ നാടകം വഹിച്ച പങ്ക് ഏറെയാണ്. 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ...' എന്നു തുടങ്ങുന്ന ഗാനമുൾപ്പെടെ ഈ നാടകത്തിൽ ഒ.എൻ.വി. രചിച്ച ഗാനങ്ങളൊക്കെയും ഇന്നും ഇമ്പമൂറുന്നവയാണ്. അങ്ങനെ എന്തുകൊണ്ടും വൈകാരികമായ അനുഭവമാണ് ഒ.എൻ.വിക്ക് ഈ നാടകം.

ഈ പിറന്നാൾ ദിനത്തിൽ ആ നാടകം വീണ്ടും അദ്ദേഹത്തിൽ സ്മരണകളുടെ ഇരമ്പലും വേലിയേറ്റവും സൃഷ്ടിക്കും.